ലഹരിസംഘത്തിൽനിന്ന് യുവാവിനെ മോചിപ്പിച്ചു
text_fieldsകോഴിക്കോട്: ലഹരിസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് പൊലീസ് മോചിപ്പിച്ചത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് നൽകാമെന്ന് പറഞ്ഞ് അരവിന്ദ് ഷാജ് സംഘത്തിന്റെ പക്കൽനിന്ന് പണം വാങ്ങിയിരുന്നു. ഇത് നൽകാത്തതിനെ തുടർന്നാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിസാമുദ്ദീൻ, മുഹമ്മദ് അനസ്, സഫീർ, അനസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലൊരാൾ ഓടിരക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സംഘം അരവിന്ദ് ഷാജിനെ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു.
വൈകീട്ട് നാലുമണിയോടെ അരവിന്ദ് ഷാജിനെ മോചിപ്പിക്കണമെങ്കിൽ 20,000 രൂപ നൽകണമെന്ന് സംഘം വീട്ടുകാരോട് ഫോൺ ചെയ്ത് ആവശ്യപ്പെട്ടു. ഇതോടെ അരവിന്ദിന്റെ മാതാപിതാക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. വീട്ടുകാരെ വിളിച്ച ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും വാഹനപരിശോധനയിലൂടെയുമാണ് പ്രതികളെ പിടിക്കാനായത്. അരവിന്ദ് ഷാജിനെ പ്രതികൾ ക്രൂരമായി മർദിച്ചിട്ടുണ്ട്.
വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും ഗോഡൗണിൽവെച്ചുമാണ് അരവിന്ദിനെ സംഘം മർദിച്ചത്. ഇവിടെയെത്തിയാണ് യുവാവിനെ പൊലീസ് മോചിപ്പിച്ചത്. പരിക്കേറ്റ ഇയാളെ മെഡിക്കൽ പരിശോധനക്കു വിധേയമാക്കി. ലഹരിവസ്തുക്കള്‍ വിറ്റതിന് അരവിന്ദ് ഷാജും കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.