വിവാഹത്തിനിടെ ജയ്ശ്രീറാം വിളിച്ചെത്തി ആക്രമണം; ഒരാൾ വെടിയേറ്റ് മരിച്ചു
text_fieldsഭോപാൽ: മധ്യപ്രദേശിൽ വിവാഹചടങ്ങിനിടെ തീവ്ര വലതുപക്ഷ വാദികളുടെ വെടിയേറ്റ് ഒരാൾ മരിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജയ്ശ്രീറാം വിളിച്ചെത്തിയായിരുന്നു ആക്രമണം. മധ്യപ്രദേശിലെ മംദ്സോർ ജില്ലയിലാണ് സംഭവം.
മുൻ ഗ്രാമമുഖ്യൻ ദേവിലാൽ മീണയാണ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ ഉടൻ രാജസ്ഥാൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചിരുന്നു.
ജയിലിൽ കഴിയുന്ന സ്വയംപ്രഖ്യാപിത ആൾദൈവം രാംപാലിന്‍റെ അനുയായികളാണ് വിവാഹചടങ്ങ് സംഘടിപ്പിച്ചത്. ഹരിയാന സ്വദേശിയായ രാംപാൽ അഞ്ച് സ്ത്രീകളും ഒരു കൈക്കുഞ്ഞും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയാണ്. നിയമവിരുദ്ധമായാണ് വിവാഹം സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് ആയുധ ധാരികൾ അക്രമം നടത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അമിത് വർമ പറഞ്ഞു.
17 മിനിറ്റുകൊണ്ട് തീർക്കുന്ന ഒരു വിവാഹചടങ്ങാണ് അവിടെ നടത്താൻ തീരുമാനിച്ചിരുന്നതെന്ന് രാംപാലിന്‍റെ അനുയായികൾ പറയുന്നു. ഇത് ഹിന്ദു മതത്തിന്‍റെ ചടങ്ങുകൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ ചുവന്ന വസ്ത്രം ധരിച്ച ഒരാൾ വിവാഹത്തിനെത്തിയവരുടെ നേർക്ക് തോക്ക് ചൂണ്ടുന്നത് കാണാം. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിൽ പൊലീസ് കേസെടുത്തു. 11 പേരെ തിരിച്ചറിഞ്ഞതായും മൂന്നുപേരെ അറസ്റ്റ് ചെയ്തെന്നും െപാലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.