ആൺകുഞ്ഞാണോ എന്നറിയാൻ ഭാര്യയുടെ ഗർഭപാത്രം കീറി ക്രൂരത, ഭർത്താവിന് ജീവപര്യന്തം തടവ്; സംഭവം യു.പിയിൽ
text_fieldsലഖ്നോ: ഭാര്യ ഗർഭംധരിച്ച കുഞ്ഞ് ആൺകുഞ്ഞാണോയെന്നറിയാൻ ഗർഭപാത്രം അരിവാൾ കൊണ്ട് കീറിയ ക്രൂരതയിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യു.പിയിലെ ബദാവൂനിലാണ് സംഭവം. 46കാരനായ പന്നാലാൽ എന്നയാളെയാണ് ശിക്ഷിച്ചത്. ഇയാളുടെ ചെയ്തി ഒരു വ്യക്തിക്കെതിരെയുള്ള ക്രൂരത മാത്രമല്ലെന്നും സമൂഹത്തെയാകെ മോശമായി ബാധിക്കുന്ന പ്രവൃത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2020 സെപ്റ്റംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. പന്നാലാലിനും ഭാര്യ അനിതാദേവിക്കും അഞ്ച് പെൺമക്കളായിരുന്നു ഉള്ളത്. അങ്ങേയറ്റം അന്ധവിശ്വാസങ്ങൾ ഉള്ളയാളായിരുന്നു പന്നാലാൽ. ഒരു ആൺകുഞ്ഞ് വേണമെന്ന് ഇയാളുടെ ആഗ്രഹമായിരുന്നു. ആറാമതും ഭാര്യ ഗർഭിണിയായപ്പോൾ പെൺകുഞ്ഞാണെന്ന് ഒരു മന്ത്രവാദി ഇയാളെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതോടെ ഭാര്യയെ ഗർഭം അലസിപ്പിക്കാൻ ഇയാൾ നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ, അനിതാദേവി ഇതിന് തയാറായില്ല.
ഇതേത്തുടർന്നുണ്ടായ തർക്കത്തിലാണ് ഇയാൾ ഭാര്യയുടെ നേരെ കൊടുംക്രൂരത കാട്ടിയത്. അരിവാൾ കൊണ്ട് ഇയാൾ ഭാര്യയുടെ വയർ കീറുകയായിരുന്നു. ഗർഭപാത്രം കീറി ആൺകുഞ്ഞാണോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. അനിതയുടെ നിലവിളിയിൽ ആളുകൾ ഓടിയെത്തി. ഗുരുതരാവസ്ഥയിലായ അനിതയെ ഉടനെ പൊലീസ് എത്തി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെത്തിച്ചു. അനിതാദേവി രക്ഷപ്പെട്ടെങ്കിലും ഇവരുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചു.
പന്നാലാലിനെതിരെ വധശ്രമം ഉൾപ്പെടെ കടുത്ത കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അതിക്രൂരമായ പ്രവൃത്തിയാണ് പന്നാലാലിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവിനെതിരെ അനിതാദേവിയും മൊഴിനൽകിയിരുന്നു. ജീവപര്യന്തം തടവിനൊപ്പം 50,000 രൂപ പിഴയും പ്രതിക്ക് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.