ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsഅരിമ്പൂർ: കുന്നത്തങ്ങാടി സെന്ററിൽനിന്ന് 1.100 കിലോ കഞ്ചാവുമായി യുവാവിനെ അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
അരിമ്പൂർ നാലാംകല്ല് ദേശത്ത് തേവർക്കാട്ടിൽ അനൂപിനെയാണ് (29) അറസ്റ്റ് ചെയ്തത്. കുന്നത്തങ്ങാടി ബാറിന് മുൻവശം ബാറടച്ച ശേഷം സംഘം തിരിഞ്ഞ് അക്രമങ്ങൾ നടന്നിരുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. വെള്ളിയാഴ്ച അരിമ്പൂർ ഭാഗത്ത് സ്ത്രീയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി മാല മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് ദിവസമായി കുന്നത്തങ്ങാടി, അരിമ്പൂർ ഭാഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ട് ആ ഭാഗങ്ങളിൽ എക്സൈസിന്റേയും പൊലീസിന്റേയും റെയ്ഡുകൾ ശക്തമാക്കിയിരുന്നു. പരിശോധനക്കിടെയാണ് പിടികൂടിയത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് റേഞ്ചിലെ എൻഫോഴ്സ്മെന്റ് ജോലികൾ ശക്തമാക്കിയിരിക്കുകയാണ്. കഞ്ചാവുമായി അറസ്റ്റിലായ അനൂപ് നേരത്തേ പാലക്കാട് വെച്ച് രണ്ട് കിലോ കഞ്ചാവ് കടത്തികൊണ്ട് വരുമ്പോൾ പിടിക്കപ്പെട്ട് റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയതാണ്. ചില്ലറ വിൽപനക്കായാണ് അനൂപ് കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബിവറേജസ് മുടക്കമായതിനാൽ നല്ല ലാഭത്തിന് കഞ്ചാവ് വിൽക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്‍റിവ് ഓഫിസർമാരായ കെ.എം. സജീവ്, കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ. വിജയൻ, എ.ഡി. ബിജു, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ നിഷ, പ്രിയ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.