യാത്രക്കിടെ വീടുകൾ കണ്ടുവെക്കും, പിന്നീട് മോഷണം; തിരുവൻവണ്ടൂരിൽ കവർച്ച നടത്തിയയാൾ പിടിയിൽ
text_fieldsചെങ്ങന്നൂർ: വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ. ജെ.മാത്തുകുട്ടി(52)യെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവൻവണ്ടൂർ പ്രാവിൻകൂട് ജങ്ഷനു സമീപമുള്ള ഡോക്ടർ ദമ്പതികളുടെ വീടിന്‍റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് മോഷണം പോയത്.
കളവുപോയ മുഴുവൻ സ്വർണവും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കോട്ടയത്തെ വീട്ടിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. ഇക്കഴിഞ്ഞ പത്തിനു രാവിലെ ജോലിക്കായി പുറത്തു പോയിരുന്ന ഡോ.സിഞ്ചുവും ഭാര്യയും രാത്രി മടങ്ങിയെത്തിയപ്പോഴാണ് കവർച്ചയെക്കുറിച്ചറിയുന്നത്. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണമാരംഭിക്കുകയും ചെയ്തു.
വിരലടയാള വിദഗ്ധരും,ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനകളിൽ സൂചനകളൊന്നും തന്നെ ലഭ്യമായിരുന്നില്ല. വീട്ടിലും പരിസര പ്രദേശങ്ങളിലും സി.സി.ടി.വികളും ഉണ്ടായിരുന്നില്ല. സമാന രീതിയിൽ മോഷണം നടത്തി പിടിക്കപ്പെട്ട മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് നിരവധി കേസുകളിൽ പ്രതിയായ മാത്തുക്കുട്ടിയാണ് പ്രതിയെന്ന് തിരിച്ചറിയുന്നത്.
അച്ചൻ കോവിലാറ്റിൽ ചാടി രക്ഷപെടാൻ നോക്കിയ പ്രതിയെ അതി സാഹസികമായിട്ടാണ് പിടികൂടിയത്. 2017-ൽ കൊല്ലത്തു പിടിയിലായിരുന്നെങ്കിലും പിന്നീട് ഇയാൾ പിടിക്കപ്പെട്ടിട്ടില്ല. എല്ലാ ആഴ്ചയിലും കുടുംബവീട്ടീലേക്ക് പോകുമ്പോൾ റോഡരികിൽ പൂട്ടിക്കിടക്കുന്ന വലിയവീടുകൾ കണ്ടുവെക്കും. തൊട്ടടുത്ത ദിവസം രാത്രി ഏഴിനും ഒൻപതിനുമിടക്കുള്ള സമയം മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ പതിവു രീതിയെന്നു പൊലീസ് പറയുന്നു.
ചെങ്ങന്നൂരിന് പുറമെ കോട്ടയത്തും, തിരുവല്ലയിലും മോഷണശ്രമങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.