23 ലക്ഷം രൂപയുടെ ബില്ല് അടക്കാതെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങിയ ആൾ പിടിയിൽ
text_fieldsന്യൂഡൽഹി: അബുദബി രാജകുടുംബത്തിലെ ജോലിക്കാരനാണെന്ന് പറഞ്ഞ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം രൂപയുടെ ബില്ലടക്കാതെ മുങ്ങിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. ജനുവരി 19 ന് ദക്ഷിണ കന്നഡയിൽ നിന്നാണ് ഷരീഫിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
2022ആഗസ്റ്റ് ഒന്ന് മുതൽ നവംബർ 20 വരെയാണ് ഇയാൾ ലീല പാലസ് ഹോട്ടലിൽ തങ്ങിയത്. ഹോട്ടലിൽ റൂമെടുക്കാൻ എത്തിയപ്പോൾ വ്യാജ ബിസിനസ് കാർഡും യു.എ.ഇ റെസിഡന്റ് കാർഡും ഹോട്ടലിൽ ഹാജരാക്കിയ ഷരീഫ് യു.എ.ഇയിൽ താമസക്കാരനാണെന്ന് ജീവനക്കാരോട് പറഞ്ഞു.
അബുദബി രാജകുടുംബാംഗവുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തിനു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ഷരീഫ് പറഞ്ഞിരുന്നു. ഔദ്യോഗിക ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യയിൽ എത്തിയതെന്നും വിശദീകരിച്ചു.
റൂമിന്റെ വാടകയും നാലുമാസത്തെ സർവീസ് ചാർജുമുൾപ്പെടെ 35 ലക്ഷം രൂപയാണ് ബില്ല്. അതിൽ 11.5 ലക്ഷം രൂപ ഷരീഫ് അടച്ചു. എന്നാൽ ബാക്കി തുക അടക്കാതെ റൂമൊഴിഞ്ഞു പോവുകയായിരുന്നു. 20 ലക്ഷം രൂപയുടെ ചെക്ക് ഇയാൾ ഹോട്ടൽ ജീവനക്കാർക്ക് നൽകിയിരുന്നെങ്കിലും ചെക്ക് മടങ്ങി.
തുടർന്ന് ജനുവരി 14ന് ഹോട്ടൽ ജനറൽ മാനേജർ അനുപമ ഗുപ്ത സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഹോട്ടലിൽ നിന്ന് നിരവധി സാധനങ്ങൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.