സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിയയാൾ പിടിയിൽ
text_fieldsകാട്ടാക്കട: സ്വകാര്യ പെട്രോൾ പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിയ പ്രതിയെ മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂര്‍ കൊറ്റംപള്ളി തൊടുവട്ടിപ്പാറ സ്വദേശി പ്രിൻസ് (21, ഉണ്ണി) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചിന് പുലർച്ചെ 1.30ഓടെയാണ് സെക്യൂരിറ്റിക്കാരന്‍ ചീനിവിള ആനമൺ കുളങ്ങരമേലേ പുത്തൻവീട്ടിൽ സുകുമാരനെ (61) ആക്രമിച്ചത്. കൈക്കും താടിയെല്ലിനും മുതുകിനും പരിക്കേറ്റ സുകുമാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ആക്രമണത്തിന് പിന്നിൽ യുവാവാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പമ്പിൽ മോഷണത്തിനെത്തിയ പ്രതി പലയിടത്തായി തെരച്ചിൽ നടത്തിയശേഷമാണ് പമ്പിലെ മുറിക്ക് പുറത്ത് ഉറങ്ങുകയായിരുന്ന സുകുമാരനെ വെട്ടിയത്. സംഭവത്തിന് ശേഷം അക്രമി പമ്പിന് പിറകിലൂടെ രക്ഷപ്പെടുകയായിരുന്നു.
പമ്പിലെ സി.സി.ടി.വി കാമറ പരിശോധിച്ചശേഷമാണ് ബൈക്കിലെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സൈബർ സെല്ലിന്‍റെ സഹകരണത്തോടെ നിരവധി ഫോൺ നമ്പറുകളും സി.സി.ടി.വി കാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
കൂവളശ്ശേരി മഹാദേവ ക്ഷേത്രം, അരുവിക്കര ധർമ ശാസ്താ ക്ഷേത്രം, തൊട്ടിക്കര ഭദ്രകാളി ക്ഷേത്രം, വലിയറത്തല തമ്പുരാൻ ക്ഷേത്രം, തൃക്കാഞ്ഞിരപുരം ശിവക്ഷേത്രം, കാലാട്ട്കാവ് തമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വന്തമായി നിർമിച്ച വാൾ ഉപയോഗിച്ചാണ് സെക്യൂരിറ്റിക്കാരനെ ആക്രമിച്ചത്.
മാറനല്ലൂർ സി.എച്ച്.ഒ എസ്. സന്തോഷ് കുമാർ, എസ്.ഐ ശാലു, ഗ്രേഡ് എസ്.ഐമാരായ ജയരാജ്, മോഹനൻ, സി.പി.ഒമാരായ വിപിൻ, സുധീഷ് കുമാർ, കൃഷ്ണകുമാർ, അഖിൽ, ഹോംഗാർഡ് വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.