സഹപ്രവർത്തകനെ കുത്തിപ്പരിക്കേൽപിച്ച യുവാവ് പിടിയിൽ
text_fieldsതൊടുപുഴ: തർക്കം പരിഹരിക്കാനെത്തിയ സഹപ്രവർത്തകനെ കഠാരക്ക് കുത്തിപ്പരിക്കേൽപിച്ച യുവാവ് പിടിയിൽ. വണ്ടിപ്പെരിയാർ അമ്പതാം മൈൽ മംഗലശ്ശേരിൽ അനീഷ് തങ്കച്ചനാണ് (27) പിടിയിലായത്. തൊടുപുഴ കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപത്തെ ഹോട്ടൽ ജീവനക്കാരനായ വയനാട് പുൽപ്പള്ളി സ്വദേശി സുരേഷ് ചന്ദ്രനെയാണ് (41) ഇയാൾ കുത്തിപ്പരിക്കേൽപിച്ചത്.
ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മൂന്ന് ദിവസം മുമ്പാണ് അനീഷ് ജോലി തേടി തൊടുപുഴയിലെ ഹോട്ടലിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊറോട്ട ഉണ്ടാക്കാൻ അറിയാമെന്ന് പറഞ്ഞ യുവാവിന് ഹോട്ടൽ ഉടമ ജോലി നൽകി. ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ മുറിയും നൽകി. ശനിയാഴ്ച ജോലിക്കെത്തിയ യുവാവ് ഞായറാഴ്ച എത്തിയില്ല. ഹോട്ടൽ ഉടമ ഇയാളെ തിരക്കി താമസസ്ഥലത്തെത്തിയപ്പോൾ ഇന്ന് താൻ ജോലിക്ക് വരുന്നില്ലെന്ന് പറഞ്ഞു. ഇതോടെ യുവാവിന്റെ ബാഗും സാധനങ്ങളുമെടുത്ത് വെളിയിൽ വെച്ച ശേഷം മുറി പൂട്ടി ഉടമ മടങ്ങി.
ഇതിൽ പ്രകോപിതനായ യുവാവ് ഹോട്ടലിലെത്തി ഉടമയുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ബഹളമായതോടെ ഹോട്ടൽ ജീവനക്കാരനായ സുരേഷ് യുവാവിനെ പിടിച്ചുമാറ്റി ഹോട്ടലിന് പുറത്തെത്തിക്കാൻ ശ്രമിച്ചു. ഇതിനിടെ കൈയിൽ കരുതിയ ബാഗിൽനിന്ന് കഠാരയെടുത്ത് യുവാവ് സുരേഷിന്റെ വലതുകൈയിൽ കുത്തുകയായിരുന്നു. കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞ് രക്തമൊഴുകിയ സുരേഷിനെ ഹോട്ടലുടമയും മറ്റ് ജീവനക്കാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ കൈയിൽ 12 തുന്നലുണ്ട്.
രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും ഹോട്ടൽ ജീവനക്കാരും ചേർന്ന് പിടിച്ചുവെച്ച് പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ ബാഗിൽനിന്ന് കഠാര, എയർ ഗൺ, സൈലൻസർ, രണ്ട് കുരുമുളക് സ്പ്രേ എന്നിവ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ 10 ദിവസം മുമ്പ് വണ്ടിപ്പെരിയാറ്റിൽ ഓട്ടോ തീയിട്ടു നശിപ്പിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് കണ്ടെത്തി. വണ്ടിപ്പെരിയാർ പൊലീസും തീവെപ്പ് കേസിലെ പ്രതിക്കായി അന്വേഷണം നടത്തിവരുകയായിരുന്നു. ഓട്ടോക്ക് തീയിട്ട സംഭവത്തിന് ശേഷമാണ് യുവാവ് ജോലി തേടി തൊടുപുഴയിൽ എത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.