വേബ്രിഡ്ജിൽ കൃത്രിമം നടത്തി; മൂന്നുപേർ പിടിയിൽ
text_fieldsപാലക്കാട്: വേബ്രിഡ്ജിൽ കൃത്രിമം നടത്തി മെഷീന്റെ തൂക്കം അളക്കുന്ന സംവിധാനത്തിന് മാറ്റം വരുത്തിയ കേസിൽ കോയമ്പത്തൂർ കുനിയമുത്തൂർ റഫീഖ് (36), അയ്യാദുരൈ ശബറുല്ല ഖാൻ (36), പോത്തനൂർ സദ്ദാം ഹുസൈൻ (26) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ ഒന്നിന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം.
കഞ്ചിക്കോട് ഐ.ടി.ഐക്ക് എതിർവശത്തെ വേബ്രിഡ്ജിന്റെ ഇലക്ട്രോണിക് ലോഡ് സെല്ലിൽ അധിക വയറുകളോടെ ചിപ്പ് ഘടിപ്പിച്ച് സർക്യൂട്ടിൽ കൃത്രിമം നടത്തി മെഷീന്റെ തൂക്കം അളക്കുന്ന സംവിധാനത്തിന് മാറ്റം വരുത്തുകയായിരുന്നു പ്രതികൾ. ഇതിനുശേഷം ലോഡ് കയറ്റിയ ലോറി കൊണ്ടുവന്ന് കുറവായ തൂക്കം രേഖപ്പടുത്തുകയും അതിന് മാത്രമുള്ള പണം ഉടമസ്ഥന് നൽകുകയായിരുന്നു.
സ്ക്രാപ് ലോഡുമായി ബന്ധപ്പെട്ടാണ് പ്രതികൾ ഈ വിദ്യ പ്രയോഗിച്ചത്. ഒന്ന് മുതൽ ഒന്നര ടൺ സ്ക്രാപ്പിന്‍റെ പണം ഈ രീതിയിൽ സ്വന്തമാക്കി. പത്ത് വർഷമായി സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്യുന്ന പ്രതികളെ ആദ്യമായാണ് പൊലീസ് പിടിക്കുന്നത്.
കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് കസബ സി.ഐ അറിയിച്ചു. ജില്ല പൊലീസ് മേധാവി, എ.എസ്.പി എന്നിവരുടെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നിർദേശാനുസരണം എസ്.ഐമാരായ സി.കെ. രാജേഷ്, ഉദയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉദയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.