മഞ്ജു വാര്യരുടെ മൊഴിയെടുത്തു, ദിലീപ് അടക്കമുള്ളവരുടെ ശബ്ദ സാമ്പിൾ തിരിച്ചറിഞ്ഞു
text_fieldsകൊച്ചി: ദിലീപ് ഉൾപ്പെട്ട നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു. കേസ് തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാര്യരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത്. ദിലീപ്, സഹോദരൻ അനൂപ്, സുരാജ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിൾ മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായാണ് വിവരം.
പതിനഞ്ച് വർഷത്തോളം മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് ജീവിച്ചതാണ്. ആ കാലയളവിലുള്ള ആളുകളെ കുറിച്ച് മഞ്ജുവിന് ധാരണയുണ്ടെന്നും അവരുടെ ശബ്ദം വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സമാനരീതിയിൽ ദിലീപിന്റെ സുഹൃത്തുകളുടെ ശബ്ദ സാമ്പിൾ സ്ഥിരീകരിക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് സ്വീകരിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ശിക്ഷ താൻ അനുഭവിക്കേണ്ടതല്ലെന്ന് ദിലീപ് സുഹൃത്ത് ബൈജു ചെങ്ങമനാടിനോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ശിക്ഷ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണെന്നും അവരെ നമ്മൾ രക്ഷിച്ച് കൊണ്ടു പോയിട്ട് താൻ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് പറയുന്നത് ശബ്ദരേഖയിലുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ശബ്ദരേഖയാണ് പുറത്തായത്. ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. ഈ ശബ്ദരേഖ ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആറു ശബ്ദരേഖകളാണ് അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം ദിലീപിന്റെ സംസാരമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ രണ്ട് ശബ്ദരേഖകളും ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്തതാണ്.
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പങ്കില്ലെന്നും കാവ്യയുടെ ഇടപെടലാണ് പിന്നിലെന്നും സൂചിപ്പിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദിലീപിന്റെ സഹോദരീഭർത്താവായ സുരാജ് മറ്റൊരു പ്രതിയായ ശരത്തിനോട് സംസാരിച്ചതെന്ന് കരുതുന്ന സംഭാഷണം ഇത്തരം സൂചനകളുള്ളതാണ്.
ശബ്ദസന്ദേശത്തിൽ നിന്ന്: ''കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ എല്ലാവരുംകൂടെ പണി കൊടുത്തപ്പോൾ, തിരിച്ചു കൊടുത്ത പണിയാണിത്. അതിൽ ചേട്ടന് പങ്കില്ല. ജയിലിൽ നിന്ന് വന്ന കാൾ നാദിർഷ എടുത്ത ശേഷമാണ് ചേട്ടനിലേക്ക് കാര്യങ്ങൾ വരുന്നത്. അല്ലെങ്കിൽ കാവ്യയാണ് കുടുങ്ങുക. കാവ്യയെ കുടുക്കാൻ വെച്ചത് ചേട്ടൻ കേറി ഏറ്റുപിടിച്ചതാണ്. ഒന്നുമില്ലെന്ന് പറഞ്ഞ് എല്ലാവരുടെയും കൂടെ കാവ്യ കൂട്ടുകൂടി നടന്നു. അവസാനം ചേട്ടൻ കെട്ടിക്കൊണ്ടു പോയപ്പോൾ അവർക്ക് തോന്നിയ വൈരാഗ്യമാണ്. എന്തോ ഭയങ്കര സംഭവമാണെന്നാണ് അവരുടെ വിചാരം''.
കേസിൽ ദിലീപിന്റെ ഫോൺ സംഭാഷണമടക്കം കൂടുതൽ തെളിവുകൾ വെള്ളിയാഴ്ച കോടതിക്ക് കൈമാറിയിരുന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും സുഹൃത്ത് ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണം, ആലുവയിലെ ഡോക്ടർ ഹൈദരലിയും സൂരജും തമ്മിലുള്ള 5.44 മിനിറ്റ് സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ 4.33 മിനിറ്റ് സംഭാഷണം എന്നിവയാണ് പെൻ ഡ്രൈവിലുള്ളത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. രാവിലെ 11ന് ആലുവ പൊലീസ് ക്ലബിലാണ് ഹാജരാകേണ്ടത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ക്രൈംബ്രാഞ്ച് സമയം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.