നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കും
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കും. വിചാരണ പുനരാരംഭിക്കുന്നതിന്റെ ഭാഗമായ നടപടികൾ തിങ്കളാഴ്ച ആരംഭിച്ചു. ദിലീപിനെതിരെ തെളിവുനശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്ന അനുബന്ധ കുറ്റപത്രം തിങ്കളാഴ്ച കോടതി വായിച്ചു കേൾപ്പിച്ചു.
കോടതിയിൽ നേരിട്ട് ഹാജരായ ദിലീപും കേസിൽ പുതുതായി പ്രതിചേർത്ത സുഹൃത്ത് ജി. ശരത്തും കുറ്റങ്ങൾ നിഷേധിച്ച് വിചാരണ നേരിടാൻ തയാറാണെന്ന് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് ഇരുവരും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്. അതിനിടെ, സിനിമ സംവിധായകൻ പി. ബാലചന്ദ്രകുമാർ, നടി മഞ്ജു വാര്യർ എന്നിവരടക്കം ആദ്യഘട്ടത്തിൽ വിസ്തരിക്കാനുള്ള 39 പേരടങ്ങുന്ന സാക്ഷിപ്പട്ടിക പ്രോസിക്യൂഷൻ വിചാരണ കോടതിക്ക് കൈമാറി.
സാക്ഷി വിസ്താരത്തിനുള്ള തീയതികൾ നിശ്ചയിക്കാൻ കോടതി കേസ് ഈ മാസം മൂന്നിന് വീണ്ടും പരിഗണിക്കും. അതേസമയം, ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് കുറ്റപത്രം തള്ളാനുള്ള ഹരജി പ്രതിഭാഗം സമർപ്പിച്ചിരുന്നു.
എന്നാൽ, കുറ്റപത്രവും അനുബന്ധ തെളിവുകളും പരിശോധിച്ച കോടതി പ്രതിഭാഗത്തിന്റെ ഹരജി തള്ളിയതോടെയാണ് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത്. 112 പുതിയ സാക്ഷികളുടെ പട്ടികയും 300 രേഖകളും അടങ്ങുന്നതാണ് അനുബന്ധ കുറ്റപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.