'ഫേക്ക്ബുക്ക്' തുറന്ന് വ്യാജന്മാർ... ജാഗ്രത സോഷ്യലാവണം...വിളിക്കാം '1930'
text_fieldsമലപ്പുറം: പണം തട്ടാൻ സമൂഹ മാധ്യമത്തിൽ വ്യാജന്മാർ പിടിമുറുക്കുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടുന്ന പരാതികൾ കുത്തനെ വർധിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമിച്ചതായി ആയിരക്കണക്കിന് പരാതികളാണ് ഉയർന്നത്. മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം നടക്കുന്നുണ്ട്. ഇതിൽ മിക്ക കേസുകളും പൊലീസിൽ പരാതി നൽകാത്തതാണ്.
പണം നഷ്ടപ്പെട്ട കേസുകളിലാണ് നിലവിൽ പൊലീസിൽ പരാതികൾ ലഭിക്കുന്നതെന്ന് മലപ്പുറം സൈബർ സെൽ വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡ് രൂക്ഷമായ സമയത്താണ് ഇത്തരം വ്യാജന്മാർ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ് തുടങ്ങിവെച്ചത്. ഒരു വ്യക്തിയുടെ യഥാർഥ അക്കൗണ്ടിലെ ഫോട്ടോ ഉപയോഗിച്ച് സമാനരീതിയിൽ മറ്റൊരു അക്കൗണ്ടുണ്ടാക്കിയാണ് പണം തട്ടാൻ ശ്രമിക്കുന്നത്.
വ്യാജ അക്കൗണ്ടുകൾ നിർമിച്ച് യഥാർഥ അക്കൗണ്ടിലുള്ള അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും റിക്വസ്റ്റ് അയക്കുകയാണ് ഇത്തരം സംഘങ്ങൾ ആദ്യം ചെയ്യുന്നത്. പിന്നീട് അത്യാവശ്യമായി പണം ആവശ്യപ്പെട്ട് മെസഞ്ചർ വഴി സന്ദേശം അയക്കും. ഗൂഗ്ൾ പേ വഴിയോ ഓൺലൈൻ ബാങ്കിങ് വഴിയോ ഉടനെ അയക്കാമോ എന്നും ചോദിച്ചാണ് സന്ദേശങ്ങൾ വരുന്നത്.
കെണിയാണെന്ന് മനസ്സിലാക്കിയ കൂടുതൽപേരും പണം കൊടുക്കാറില്ലെങ്കിലും പണം അയച്ചുകൊടുത്ത് വഞ്ചിതരാവുന്നവരും ഏറെയാണ്. ജില്ലയിൽ പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനും മലപ്പുറം സിവിൽ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും പരപ്പനങ്ങാടിയിൽ എക്സൈസ് ഉദ്യോഗസ്ഥനും ഇത്തരം തട്ടിപ്പുകളിൽപെട്ട് പണം നഷ്ടമായിരുന്നു. പൊലീസിൽ നിരവധിപേർ പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണങ്ങളിൽ കാര്യമായ പുരോഗതിയില്ല.
പരിഹാരം 'ജാഗ്രത'
വ്യാജ അക്കൗണ്ടുകൾ വഴി പണം തട്ടുന്നതായി നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളിൽ എത്തിയതെന്ന് മലപ്പുറം സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം അക്കൗണ്ടുകൾ എവിടെനിന്നാണോ തുടങ്ങിയതെന്നും അയക്കുന്ന ഫോൺ നമ്പറുകൾ എവിടെയാണ് രജിസ്റ്റർ ചെയ്യുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സംഘങ്ങളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് പിറകിലെന്ന് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, കേരളത്തിൽനിന്നുള്ള സഹായം ഇവർക്ക് ലഭിക്കുന്നുണ്ടെന്ന സൂചനയുമുണ്ട്. ഏതൊരാളുടെ ഫേസ്ബുക്ക്, ഇ-മെയിൽ, വാട്സ്ആപ് അക്കൗണ്ടുകളിൽനിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ വന്നാലും ബന്ധപ്പെട്ട വ്യക്തിക്ക് നേരിട്ട് വളിച്ച് ഉറപ്പുവരുത്താതെ പണം കൈമാറരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.
വിളിക്കാം '1930'
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായാല്‍ 1930 എന്ന നമ്പറില്‍ പരാതിപ്പെടാം. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാനും പണം വീണ്ടെടുക്കാനും ഇത് ഉപകരിക്കും. നാഷനല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. എത്രവേഗം പരാതി അറിയിക്കുന്നുവോ പണം തിരികെ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് സൈബര്‍ ക്രൈം പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.