പീഡിപ്പിച്ച 14കാരിയെ വിവാഹം ചെയ്തു, കുഞ്ഞിന് ആറുമാസമായപ്പോൾ വീണ്ടും ഗർഭിണി; ബലാത്സംഗമെന്ന് കോടതി
text_fieldsന്യൂഡൽഹി: പീഡനത്തിനിരയാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്നീട് പ്രതി വിവാഹം കഴിച്ച് ആ ബന്ധത്തിൽ കുട്ടി ജനിച്ചെന്നു കരുതി, പ്രതി ചെയ്ത കുറ്റം കുറ്റമല്ലാതാകില്ലെന്ന് ഡൽഹി ഹൈകോടതി. ഇക്കാരണം ചൂണ്ടിക്കാട്ടി പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
14 കാരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ പ്രതിയായ 27കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഡൽഹി ഹൈകോടതി ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ടയുടെ നിരീക്ഷണം. ആദ്യ കുഞ്ഞിന് ആറുമാസമായപ്പോൾ പെൺകുട്ടിയെ ഇയാൾ വീണ്ടും ഗർഭിണിയാക്കിയതായും പൊലീസ് ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനും പിന്നീട് അവളെ വിവാഹം കഴിച്ചതിനുമാണ് പോക്‌സോ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തത്. കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി.
2019 ജൂലൈ 9ന് തന്റെ മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഹേബിയസ് കോർപസ് അപേക്ഷ നൽകി. അന്വേഷണത്തിനൊടുവിൽ മൊബൈൽ കോളുകൾ നിരീക്ഷിച്ച് ഇരയെ 2021 ഒക്ടോബർ 5-ന് പ്രതിയുടെ വീട്ടിൽ കണ്ടെത്തി. ഈ സമയത്ത് എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായിരുന്നു പെൺകുട്ടി. കൂടാതെ, ഒന്നര മാസം ഗർഭിണി കൂടിയായിരുന്നു.
ഹരജിക്കാരൻ ഇരയെ പ്രലോഭിപ്പിച്ച് ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് 2021 ഒക്ടോബർ 6 ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.
എന്നാൽ, കക്ഷികൾ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഇരയെയും അവളുടെ കുട്ടികളെയും നോക്കേണ്ടത് ഹരജിക്കാരനാണെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. ഇരയായ പെൺകുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്നും ഈ സമയത്ത് 14 വയസ്സും ആറ് മാസവുമായിരുന്നു പ്രായമെന്നും ചൂണ്ടിക്കാട്ടി കോടതി ഈ വാദം നിരാകരിച്ചു. 18 വയസ്സിന് താഴെയുള്ള വിവാഹിതയായ പെൺകുട്ടിക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി,
'സെക്ഷൻ 375 പ്രകാരം ഏഴിൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗമായാണ് നിർവചിക്കുന്നത്. ഇതുപ്രകാരം 18 വയസ്സിന് താഴെയുള്ള സ്ത്രീയാണെങ്കിൽ, സമ്മതത്തോടെയോ അല്ലാതെയോ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് 'ബലാത്സംഗം' ആണെന്ന് 375-ാം വകുപ്പിലെ ആറാം ഖണ്ഡിക വ്യക്തമാക്കുന്നു' - കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.