വ്യാജവിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനവും പണം തട്ടിപ്പും; സി.പി.എം പഞ്ചായത്തംഗം അറസ്റ്റിൽ
text_fieldsകൊട്ടിയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച് സ്വർണവും ലക്ഷങ്ങളും തട്ടിയെടുത്ത് നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചുകടന്ന സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റിൽ. ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം വടക്കേ മൈലക്കാട് കാറ്റാടി മുക്കിൽ രതീഷ് കുമാർ ആണ് (45) അറസ്റ്റിലായത്.
യുവതിയെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ ഇയാളെ മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.
ഭാര്യയുടെ മരണത്തിനു ശേഷം വിവാഹാഭ്യർഥനയുമായാണ് ഇയാൾ യുവതിയെ സമീപിച്ചത്. ഏറെ നാളത്തെ അടുപ്പത്തിനിടെ പലപ്പോഴായി രണ്ടു ലക്ഷത്തിലേറെ രൂപയും നാലു പവൻ സ്വർണവും ഇയാൾ കൈക്കലാക്കിയിരുന്നതായി യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മേയ് മൂന്നിന് ഇയാൾ യുവതിയെ കടത്തിക്കൊണ്ടുപോയി. വർക്കല റിസോർട്ടിൽ രണ്ടു ദിവസത്തെ താമസത്തിനു ശേഷം യുവതിയുമായി ഇയാൾ കന്യാകുമാരിയിലേക്ക് കടന്നു. അവിടെ വെച്ച് ഇയാൾ താലികെട്ടിയതായി യുവതി പറയുന്നു.
ഇവരെ കാണാതായതോടെ ഇരുവരുടെയും വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് ഇരുവരെയും കന്യാകുമാരിയിൽനിന്നും മേയ് 10ന് പിടികൂടി കോടതിയിൽ ഹാജരാക്കി. സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിൽ യുവതിയെ കോടതി ഇയാൾക്കൊപ്പം വിട്ടു. ഈ മാസം രണ്ടു വരെ യുവതിക്കൊപ്പം താമസിച്ച ഇയാൾ പിന്നീട് കടന്നുകളഞ്ഞു.
ശാരീരിക അവശതകളെ തുടർന്ന് യുവതി കഴിഞ്ഞ ആറിന് ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതി നൽകിയതിനു ശേഷം ഇയാൾ നിരന്തരം വധഭീഷണിയടക്കം മുഴക്കിയിരുന്നതായി യുവതി പറയുന്നു. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കേസെടുത്ത കണ്ണനല്ലൂർ പൊലീസാണ് പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.