വിവാഹവാഗ്ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ
text_fieldsബേപ്പൂർ: സമൂഹ മാധ്യമം വഴി പരിചയപ്പെടുന്നവരെ വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന അരക്കിണർ, ചാക്കീരിക്കാട് പറമ്പിലെ അശ്വിൻ വി. മേനോൻ (31) ബേപ്പൂർ പൊലീസിന്റെ പിടിയിലായി. വിവാഹമോചനം നേടിയവരും വിവാഹപ്രായം എത്തിനിൽക്കുന്നവരുമായ അതിസമ്പന്നരായ സ്ത്രീകളെ വിവാഹവാഗ്ദാനം നൽകി പണവും വിലപിടിപ്പുള്ള കാറുകളും സ്വത്തുകളും വസ്തു വഹകളും തട്ടിയെടുത്ത് രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
നിലവിൽ അഞ്ചു വർഷം മുമ്പ് പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി 9.5 ലക്ഷത്തോളം തട്ടിയെടുത്ത് വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറി കബളിപ്പിച്ചതായി, യുവതി പരാതിപ്പെട്ടതിനെ തുടർന്ന് രജിസ്റ്റർചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്.
2020ലും 21ലും പ്രതി പത്തനംതിട്ട സ്വദേശിനിയെയും ന്യൂസിലൻഡിൽ താമസമാക്കിയ മറ്റൊരു മലയാളി സ്ത്രീയെയും വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി ഇ-മെയിൽ വഴി പൊലീസിന് പരാതി ലഭിച്ചിരുന്നു. മാനഹാനി ഭയന്ന യുവതികൾ പിന്നീട് തുടർനടപടികൾ ഉപേക്ഷിച്ചു.
നിലവിൽ കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയിലെ കാർഡിയോളജിസ്റ്റുമായി പരിചയത്തിലായ പ്രതി വിവാഹവാഗ്ദാനം നൽകി അവരുടെ ആഡംബര കാറുമായി ബേപ്പൂർ ഭാഗങ്ങളിൽ കറങ്ങുന്നുണ്ടെന്ന രഹസ്യവിവരം പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ ഷുഹൈബ്, ഷൈജ ജയകൃഷ്ണൻ, ജയപ്രകാശൻ, എ.എസ്.ഐ മുഹമ്മദ് സുനീർ, ലാലു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഫോണിലെ ഗൂഗിൾ പേ അക്കൗണ്ട് പരിശോധിച്ചതിൽ കാർഡിയോളജിസ്റ്റിന്റെ പണം ഇയാൾ കവർന്നതായി കണ്ടെത്തി. ബിരുദധാരിയായ പ്രതിക്കെതിരെ കൂടുതൽ യുവതികൾ പരാതിയുമായി രംഗത്തുവരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.