കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫി എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടതിൽ സംഘർഷം; ഏഴുപേർ അറസ്റ്റിൽ
text_fieldsഅ ടൂർ: മുൻവിരോധത്താൽ സംഘം ചേർന്ന് പരസ്പരം തല്ലിയവരിൽ ഇരുവിഭാഗത്തിൽ നിന്നുമായി ഏഴുപേരെ അടൂർ പൊലീസ് പിടികൂടി.
അടൂർ മണക്കാല വിഷ്ണു നിവാസ് വീട്ടിൽ അഭിജിത് ബാലൻ (30), അന്തിച്ചിറ ഗോകുലം വീട്ടിൽ ജിഷ്ണു (31), ചിറ്റാണിമുക്ക് മൂലത്തുണ്ടിൽ സുജിത് (31), ചൂരക്കോട് വായനശാല ജംങ്ഷൻ കല്ലുവിള തെക്കേതിൽ ശരൺ കുമാർ (27), കണ്ണംകോട് രമാ മന്ദിരം വീട്ടിൽ അരുൺ (28), ചൂരക്കോട് വിഷ്ണു ഭവനിൽ വിഷ്ണു (30), ചൂരക്കോട് ശ്രീരാഗിലെയം വീട്ടിൽ ശ്രീകുമാർ (41) എന്നിവരാണ് അറസ്റ്റിലായത്.
കാപ്പ കേസിൽ ഉൾപ്പെപ്പെട്ട അഭിജിത്ത് ബാലന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട്, ബദാംമുക്ക് ആശാഭവനിൽ ആഷിക് സെൽഫി എടുക്കുകയും ഇൻസ്റ്റാഗ്രാമിൽ ഇടുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് ആഷിക്കും അഭിജിത്ത് ബാലനും ഫോണിൽ കൂടി വെല്ലുവിളി നടത്തുകയും രാത്രി ഒമ്പതോടെ ഇരുവിഭാഗങ്ങളിലുംപെട്ടവർ സംഘടിക്കുകയും ചെയ്തു. ചൂരക്കോട് കുറ്റിയിൽ ദേവീക്ഷേത്ര മൈതാനത്ത് ആഷിക്കും സംഘവും ഉണ്ടെന്നറിഞ്ഞ് അഭിജിത്ത് ബാലനും സുജിത്ത്, വിഷ്ണു, ജിനു സാം എന്നിവരുമായി എത്തുകയും തുടർന്ന് സംഘർഷവും നടന്നു. എതിർ വിഭാഗത്തിൽപെട്ട ശ്രീകുമാറിന് തലക്ക് പരിക്കേറ്റു. സ്ഥലത്ത് എത്തിയ പൊലീസ് അഭിജിത്ത് ബാലൻ, സുജിത്ത്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തു. എതിർ വിഭാഗത്തിലെ വിഷ്ണു, ശരൺ, അരുൺ, ശ്രീകുമാർ എന്നിവരെയും സ്റ്റേഷനിലെത്തിച്ചു.
അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ, ഇൻസ്പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.