മാട്ടുപുറം ആക്രമണം: പ്രതികൾ ഒളിവിൽതന്നെ
text_fieldsകരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറത്ത് ഒരു കുടുംബത്തിലെ രണ്ട് യുവാക്കളെ വീട്ടിൽ കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു.
ആക്രമണം നടന്ന് നാല് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ആലങ്ങാട് പൊലീസിന് നാണക്കേടായി. ശനിയാഴ്ച രാത്രിയാണ് ആറംഗ ഗുണ്ടസംഘം മാട്ടുപുറം എരമംഗലത്ത് വീട്ടിൽ സഹോദരങ്ങളായ ഷാനവാസ്, നവാസ് എന്നിവരെ വീടുതകർത്ത് അകത്തുകയറി ആക്രമിച്ച് പരിക്കേൽപിച്ചത്. ഷാനവാസ് അപകട നില തരണം ചെയ്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിനിരയായ ഷാനവാസിന്റെ 10 വയസ്സുള്ള കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി എടുക്കാനുള്ള സി.ഐയുടെ നടപടി വിവാദമായി. സംഭവം അറിഞ്ഞ നാട്ടുകാരിൽ ചിലർ ഇതിനെതിരെ ജില്ല പൊലീസ് മേധാവിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, മന്ത്രി പി. രാജീവിനെ ഫോണിൽ വിളിച്ച് നാട്ടുകാർ പ്രതിഷേധം അറിയിക്കുകയായിരുന്നു. മന്ത്രി സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ച് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു.
ഇതോടെ ഡി.ജി.പി ജില്ല പൊലീസ് മേധാവിയെ ബന്ധപ്പെട്ട് വിശദാംശങ്ങൾ ചോദിക്കുകയും സ്ഥലത്ത് നേരിട്ട് എത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എസ്.പി ചൊവ്വാഴ്ചതന്നെ മാട്ടുപുറത്തെത്തി കുട്ടിയുടെ മൊഴി ശേഖരിച്ചതായാണ് വിവരം. കൂടാതെ, ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ആലങ്ങാട് പൊലീസ് ഇൻസ്പെക്ടർക്കെതിരെ റിപ്പോർട്ട് നൽകിയതായും സൂചനയുണ്ട്.സി.ഐക്കെതിരെ ഉന്നതതല നടപടിക്ക് ശിപാർശ ചെയ്തതായാണ് രഹസ്യവിവരം. കേസിന്റെ തുടർന്നുള്ള അന്വേഷണച്ചുമതല ആലുവ ഡിവൈ.എസ്.പിക്ക് കൈമാറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.