മായാ മുരളി കൊലക്കേസ്; പ്രതിയെ റിമാൻഡ് ചെയ്തു
text_fields.കാട്ടാക്കട: പേരൂർക്കട ഹാർവിപുരം സ്വദേശി മായാ മുരളി (39) കൊലക്കേസിൽ പ്രതി കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തി(31) നെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി റിമാൻഡ് ചെയ്തു. ഒപ്പം താമസിച്ചിരുന്ന മായാമുരളിയെ ക്രൂരമായി മർദിച്ചെന്നും േമയ് എട്ടിന് രാത്രി മൂക്കിൽ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചതായി കാട്ടാക്കട ഡിവൈ.എസ്.പി പി. ജയകുമാർ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കൊലക്കുശേഷം രഞ്ജിത്ത് ഒളിവിൽ പോയി. മൊബൈൽ ഫോൺ, എ.ടി.എം എന്നിവ ഉപയോഗിക്കാതെയും സി.സി.ടി.വി കാമറകൾ ഉള്ള സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയുമായിരുന്നു യാത്ര. ഇത് പ്രതിയെ പിടികൂടാന്‍ വൈകിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പഴയ കേസന്വേഷണ രീതിയാണ് പൊലീസ് സ്വീകരിച്ചത്. ഷാഡോ പൊലീസ് ഉൾപ്പെടെ 40 ലേറെ ഉദ്യോഗസ്ഥരുടെ രണ്ടാഴ്ച നീണ്ട തുടർച്ചയായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇതിന് മായയുടെ ബന്ധുക്കളുടെ സഹകരണവും സഹായമായി. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം വിളവർകോട്ട നിന്നാണ് ഇയാൾ കസ്റ്റഡിയിലായത്. മുതിയാവിള കാവുവിളയിൽ വാടകക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബർതോട്ടത്തിൽ േമയ് ഒമ്പതിന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അന്നുതന്നെ കേരളത്തിൽനിന്ന് പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങി. അവിടെ ഹോട്ടലിൽ ജോലി തരപ്പെടുത്തിയ ശേഷം സ്ഥിതിഗതികൾ വിലയിരുത്താനായി വീണ്ടും പേരൂര്‍ക്കട എത്തി. എന്നാൽ താനാണ് കുറ്റവാളി എന്നത് പ്രചരിച്ചതോടെ ഒളിവിൽ പോകേണ്ടി വന്നു. കുടപ്പനക്കുന്ന്, കുന്നുകുഴി, പേരൂർക്കട, മെഡിക്കൽ കോളജ് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു.
ഹോട്ടലുകളിൽ ഭക്ഷണം കഴിച്ച് കാശുകൊടുക്കാതെ മുങ്ങിയും വിവിധ സ്ഥലങ്ങളിൽനിന്ന് സൗജന്യഭക്ഷണം കഴിച്ചും കള്ളവണ്ടി കയറിയും ഭിക്ഷ യാചിച്ചുമായിരുന്നു കഴിഞ്ഞത്. പൊലീസിന്റെ പിടിയിലാകും എന്ന് ഉറപ്പായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് പോയി. ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതിയുടെ രീതികളെല്ലാം ക്രിമിനലിന്റേതാണെന്നും പൊലീസ് പറഞ്ഞു.
മായയോടൊപ്പം താമസിക്കുമ്പോഴും മുമ്പും പ്രതിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അവരെയും ഉപദ്രവിച്ചിരുന്നു. എന്നാൽ ആരും പരാതി നൽകിയിരുന്നില്ല. മാസങ്ങൾക്കുമുമ്പ് രഞ്ജിത്ത് ഹെൽമറ്റ് കൊണ്ട് മായയെ മുഖത്തുൾപ്പെടെ അടിച്ചിരുന്നു. മുഖത്ത് അഞ്ച് തുന്നൽ ഇടേണ്ടിവന്നു. വീണ്ടും മണ്ണന്തല ആശുപത്രിക്ക് മുന്നിൽ െവച്ചും പരസ്യമായി രഞ്ജിത്ത് മായയെ മർദിച്ചിരുന്നു. ഇതോടെയാണ് ഇയാളിൽനിന്നൊഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ മായാ മുരളി തീരുമാനിച്ചത്. ഇതാണ് വൈരാഗ്യത്തിനും കൊലപാതകത്തിനും കാരണമായതെന്നും ഡിവൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.