കൊറിയർ വഴി എം.ഡി.എം.എ: ഒരാൾകൂടി പിടിയിൽ
text_fieldsആകാശ്
കൊല്ലം: ആശ്രാമത്തെ കൊറിയർ സർവിസ് വഴി കഴിഞ്ഞ മാസം 14.72 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിൽ ഒരാളെ കൂടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് വിളപ്പുറം നഗർ 154 പുണർതം വീട്ടിൽ നിന്ന് ഉളിയക്കോവിൽ കടപ്പാക്കട നഗർ 189 ഇയിൽ ആകാശിനെ (അനന്തു) യാണ് എക്സൈസ് ഡിവിഷൻ ഓഫിസിനു മുൻവശം വെച്ച് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ കരുനാഗപ്പള്ളി പന്മന മാവേലിൽ കോട്ടയ്ക്കകത്തു വീട്ടിൽ നന്ദു കൃഷ്ണൻ (22), ഉളിയക്കോവിൽ കൊതേത്ത് നഗർ 114 സൗപർണിക വീട്ടിൽ എസ്. അനന്തവിഷ്ണു (31) എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
ബംഗളൂരുവിലെ പ്രമുഖ നഴ്സിങ് കോളജിലെ വിദ്യാർഥിയായ ആകാശ് പഠന കാലത്തിനിടയിലാണ് മയക്കുമരുന്ന് റാക്കറ്റുമായി പരിചയപ്പെടുന്നത്. കോളജിലെ ഹോസ്റ്റൽ കേന്ദ്രീകരിച്ച് ചില മുൻ വിദ്യാർഥികൾ നടത്തുന്ന റാക്കറ്റിലേക്ക് ലഹരി പാർട്ടികളുടെ മറവിലാണ് ആകൃഷ്ടരാക്കി മാറുന്നത്.
പിന്നീട്, ഇവരെ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതാണ് സംഘത്തിന്‍റെ രീതി. വിദ്യാർഥികളെല്ലാവരും മലയാളികളാണെന്നതാണ് ഞെട്ടിക്കുന്ന വിവരം. ലഹരി കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാർഥികളുടെയും അതേ കോളജിൽ പഠിക്കുന്ന മറ്റ് വിദ്യാർഥികളുടെയും ബാങ്ക് എ.ടി.എം കാർഡ് ഉൾപ്പെടെ കൈക്കലാക്കുന്ന സംഘം, പണമിടപാടുകൾ മുഴുവൻ നടത്തുന്നത് ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ്.
ആവശ്യക്കാരിൽനിന്ന് ഗൂഗ്ൾ പേ വഴി പണം അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും എ.ടി.എം കാർഡ് ഉപയോഗിച്ച് പിൻവലിച്ചെടുക്കുന്നതുമാണ് സംഘത്തിന്‍റെ രീതി. . ചുരുങ്ങിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് അക്കൗണ്ടുകൾ വഴി നടന്നത്.
കോളജിലെ മറ്റ് വിദ്യാർഥികളുടെയും ഒരു മുൻ വിദ്യാർഥി ഉൾപ്പടെയുള്ളവരുടെയും നിർണായക വിവരങ്ങൾ ആകാശ് എക്സൈസിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.