കൊച്ചിയിലേക്ക് ഒഴുകുന്നു എം.ഡി.എം.എ
text_fieldsകൊച്ചി: അന്വേഷണങ്ങളും അറസ്റ്റും സജീവമാണെങ്കിലും മാരക മയക്കുമരുന്നായ എം.ഡി.എം.എയുടെ കൊച്ചിയിലേക്കുള്ള ഒഴുക്ക് നിലക്കാതെ തുടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ലക്ഷങ്ങളുടെ എം.ഡി.എം.എയാണ് പൊലീസും എക്സൈസും ജില്ലയിൽ പിടികൂടിയത്. ഒരിക്കൽ കേസിൽ അകപ്പെട്ടയാൾ വീണ്ടും മയക്കുമരുന്നുമായി പിടികൂടിയ സംഭവമടക്കം നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. കടവന്ത്രയിൽ ഏതാനും ദിവസം മുമ്പ് നടന്ന എക്സൈസ് മിന്നൽ പരിശോധനയിൽ ലഹരി മാഫിയയുടെ മുഖ്യകണ്ണിയാണ് കുടുങ്ങിയത്.
9.053ഗ്രാം എം.ഡി.എം.എയാണ് ഇയാളുടെ പക്കൽ അറസ്റ്റിലാകുമ്പോൾ ഉണ്ടായിരുന്നത്. സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട എം.ഡി.എം.എ ഒരു ഗ്രാം കൈവശം വെച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിലേക്ക് മുഖ്യമായും ഈ ലഹരി എത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഒരു ഗ്രാമിന് 2500 രൂപക്ക് ബംഗളൂരുവിൽ നിന്ന് വാങ്ങി കൊച്ചിയിൽ കൊണ്ട് വന്ന് ഏകദേശം 4000 മുതൽ 6000 രൂപ വരെ നിരക്കിലാണ് കൊച്ചിയിൽ വിൽപന.
പിടിക്കപ്പെടാതിരിക്കാൻ പയറ്റുന്നത് പല വഴികൾ
പൊലീസിന്റെ ‘വല’യിൽ അകപ്പെടാതിരിക്കാൻ ലഹരികടത്ത് സംഘങ്ങൾ നേരിട്ടുള്ള ഇടപാടുകൾ കുറച്ച്, പകരം ആവശ്യക്കാർക്ക് വിവിധ സോഷ്യൽ ആപ്പുകൾ വഴിയും ഇടനിലക്കാർ മുഖാന്തിരവും വിതരണം ചെയ്യുന്ന രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. സംശയിക്കാതിരിക്കാൻ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ മുൻനിർത്തി കച്ചവടം നടത്തുന്നവരുമുണ്ട്. നഗരത്തിലെ ആഢംബര ഹോട്ടലിൽ നിന്ന് 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയുൾപ്പെടെ മൂന്നുപേർ ഏതാനും ദിവസം മുമ്പ് പൊലീസ് പിടിയിലായിരുന്നു.
ആയുധങ്ങളടക്കമാണ് മയക്കുമരുന്ന് മാഫിയയുടെ സഞ്ചാരമെന്നും സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നു. നഗരത്തിലെ വിവിധ ഓയോ ഹോട്ടലിലും ലോഡ്ജിലും നടത്തിയ പരിശോധനയിൽ ലഹരി മരുന്നുകൾക്കൊപ്പം എയർ പിസ്റ്റലും പിടിച്ചെടുത്തിരുന്നു. ഇരുചക്രവാഹനങ്ങളിലും കാറുകളിലും നഗരം ചുറ്റി ലഹരി എത്തിക്കുന്ന സംഘങ്ങളുമുണ്ട്.
കൂടിയ അളവിൽ എം.ഡി.എം.എ കൊറിയർ സർവിസ് വഴി ബംഗളൂരുവിൽനിന്ന് വാങ്ങി കവറുകളിലാക്കി ആവശ്യക്കാർ പറയുന്നിടത്ത് എത്തിക്കുന്ന രീതിയുമുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വെച്ച പൊതികളുടെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചുകൊടുത്താണ് തുടർന്നുള്ള ഇവരുടെ ഡെലിവറി. കൊറിയർ വഴിയുള്ള ലഹരി കടത്ത് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കേസിൽ അകപ്പെട്ടവരെയും കൂട്ടാളികളെയും കേന്ദ്രീകരിച്ചും നിരന്തര നിരീക്ഷണം തുടരുകയാണ് ഉദ്യോഗസ്ഥർ.
കൊച്ചി സിറ്റി പൊലീസ് ബംഗളൂരുവിൽ
എം.ഡി.എം.എ മാഫിയയെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചി സിറ്റി പൊലീസ് സംഘം ബംഗളൂരുവിൽ. കഴിഞ്ഞ ദിവസം പിടിയിലായ അമൽനായരുമായി(പപ്പടവട അമൽ) ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് എറണാകുളം സൗത്ത് പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. അവിടെ ലഹരിമാഫിയയുമായി ബന്ധപ്പെട്ട ആഫ്രിക്കൻ സംഘത്തിലേക്ക് അന്വേഷണം നീളുന്നതായാണ് വിവരം. അമൽ നായർക്ക് അവരിൽ നിന്നാണ് എം.ഡി.എം.എ ലഭിച്ചിരുന്നതെന്നാണ് സൂചനകൾ. വിശദമായ തെളിവെടുപ്പും അന്വേഷണവുമാണ് നടക്കുന്നത്. ചോദ്യം ചെയ്യലിൽ നിർണായക വിവരം ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.