എം.ഡി.എം.എയും എക്സ്റ്റസി ടാബ്ലറ്റുമായി യുവാവ് അറസ്റ്റിൽ
text_fieldsസുജിൻ രാജ്
കോഴിക്കോട്: പന്തീരാങ്കാവ് കൊടൽ നടക്കാവിൽനിന്ന് എം.ഡി.എം.എയും എക്സ്റ്റസി ടാബ്ലറ്റും വിൽപന നടത്തുന്ന യുവാവ് പിടിയിൽ. കൊടൽ നടക്കാവ് പാട്ടിപറമ്പത്ത് ലക്ഷ്മി നിവാസിൽ പി.പി. സുജിൻ രാജിനെയാണ് (30) നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും സബ് ഇൻസ്പെക്ടർ യു. സനീഷിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
വീട്ടിൽ നടത്തിയ പരിശോധനയിലാണ് 3.58 ഗ്രാം എം.ഡി.എം.എയും 6.58 ഗ്രാം എക്സ്റ്റസി ടാബ്ലറ്റുമായി ഇയാൾ പിടിയിലായത്. പന്നിയൂർകുളം ഭാഗത്ത് ടാക്സ് കൺസൽട്ടൻറായി ജോലി ചെയ്യുന്ന ഇയാൾ ആർക്കും സംശയം തോന്നാത്തവിധം പന്തീരാങ്കാവ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുകയായിരുന്നു.
വാട്സ്ആപ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് നേരിട്ട് ലഹരി മരുന്ന് കൊടുക്കാതെ ചെറു പാക്കറ്റിൽ എം.ഡി.എം.എ തീപ്പെട്ടിക്കൂടിൽ ഒളിപ്പിച്ച് പന്തീരാങ്കാവ് ഭാഗങ്ങളിലുള്ള ഇലക്ട്രിക് പോസ്റ്റിനടിയിൽവെച്ച് ഗൂഗ്ൾ ലൊക്കേഷനിലൂടെ തീപ്പെട്ടിയുടെ ഫോട്ടോയും ലൊക്കേഷനും കൈമാറുന്നതാണ് ഇയാളുടെ കച്ചവട രീതി. ലഹരി വിൽപന നടത്തിവരുന്നതായുള്ള വിവരത്തിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് സുജിൻ രാജ് എന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് മയക്കുമരുന്ന് എത്തിക്കുന്നവരെ പറ്റി അന്വേഷിച്ചുവരുകയാണ്. ഡൻസാഫ് അംഗങ്ങളായ എസ്.ഐ കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസേൻവീട്, സുനോജ് കാരയിൽ, എം.കെ. ലതീഷ്, എം. ഷിനോജ്, എൻ.കെ. ശ്രീശാന്ത്, പി. അഭിജിത്ത്, ഇ.വി. അതുൽ, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒമാരായ പ്രമോദ്, വിജീഷ്, സി.പി.ഒമാരായ ജിത്തു, പ്രിൻസി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.