എം.ഡി.എം.എ കടത്ത്; രണ്ട് വിദേശി യുവാക്കൾ പിടിയിൽ
text_fieldsതൃശൂർ: കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ മൊത്തമായി എത്തിക്കുന്ന രണ്ട് വിദേശി യുവാക്കളെ തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ബംഗളൂരു നഗരത്തിൽ യലഹങ്ക ആസ്ഥാനമായി അധോലോക ലഹരി വിപണനം നടത്തുന്ന 'ഡോൺ' എന്ന് അറിയപ്പെടുന്ന സുഡാൻ സ്വദേശി ഫാരിസ് മൊക്താർ ബാബികാർ അലി (29), ഇയാളോടൊപ്പം താമസിച്ചിരുന്ന ഫലസ്തീൻ സ്വദേശി ഹസൈൻ (29) എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലാകുമ്പോൾ അലിയുടെ പക്കൽ 350 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫലസ്തീൻ സ്വദേശിയെയും പിടികൂടിയ മയക്കുമരുന്നും നിയമ നടപടികൾക്കായി ബംഗളൂരു പൊലീസിന് കൈമാറി.
കഴിഞ്ഞ മേയിൽ മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ 197 ഗ്രാം എം.ഡി.എം.എയുമായി ചാവക്കാട് സ്വദേശി ബുർഹാനുദ്ദീനെ (26) പിടികൂടിയിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചത് സുഡാൻ സ്വദേശിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്ന്, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് സുഡാൻ സ്വദേശിയെ ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
പഠനാവശ്യത്തിനായി ഏഴ് വർഷം മുമ്പാണ് സുഡാനിൽനിന്ന് ഇന്ത്യയിലെത്തിയത്. അതിന് ശേഷം വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു.
മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ഷുക്കൂർ, സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. ജീവൻ, കെ.ബി. വിപിൻ, എസ്. സുജിത്കുമാർ, പി. നൗഫൽ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.