ഗതാഗത തടസ്സം ഉണ്ടാക്കിയതിന് പിടികൂടിയ കാറിൽനിന്ന് എം.ഡി.എം.എ പിടിച്ചു
text_fieldsനിലമ്പൂർ: എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഐ.ബിയും നിലമ്പൂർ എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ കാറിൽ സൂക്ഷിച്ച 51.580 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
എം.ഡി.എം.എ കൊണ്ടുവന്ന പ്രതികൾ ഗൂഡല്ലൂരിൽ കാർ പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കാൻ പോയി. വാഹനം ഗതാഗത തടസ്സമുണ്ടാക്കിയതിനാൽ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചുവന്ന പ്രതികൾ പൊലീസുകാരെയും ആളുകളെയും കണ്ടതോടെ കാറിന്റെ താക്കോൽ തൊട്ടടുത്തുള്ള ലോഡ്ജ് ഉടമയെ ഏൽപ്പിച്ച് കടന്നു.
കാർ പിന്നീട് ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി യഥാർഥ ഉടമയെ അറിയിച്ചു. ഉടമയും കൂട്ടുകാരും സ്റ്റേഷനിൽനിന്ന് കൈപറ്റി മടങ്ങുന്നതിനിടെ വാഹനം കൊണ്ടുപോയവർ ഇയാളെ നിരന്തരം ഫോണിൽ വിളിച്ച് കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ കാർ ഉടമ എക്സൈസിൽ വിവരമറിയിക്കുകയും ശനിയാഴ്ച രാത്രി വഴിക്കടവ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് വിട്ടുനൽകുകയും ചെയ്തു.
പ്രാഥമിക പരിശോധനയിൽ കുറ്റകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫിസിൽ വാഹനം എത്തിച്ച് മെക്കാനിക്കിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചു. തുടർന്ന് ഡാഷ്ബോർഡിനുള്ളിൽ മ്യൂസിക് സിസ്റ്റത്തിന് പിറകിൽ പാക്കറ്റിലായി ഒട്ടിച്ചുവെച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
വാഹനം കൊണ്ടുപോയവരെക്കുറിച്ചും ഗൂഡല്ലൂരിൽ ഉപേക്ഷിച്ച് കടന്നവരെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് എക്സൈസ് സംഘം അറിയിച്ചു. മലപ്പുറം എക്സൈസ് ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. ഷിജു മോൻ, പ്രിവന്റിവ് ഓഫിസർമാരായ ആർ.പി. സുരേഷ് ബാബു, പി.കെ. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അരുൺ കുമാർ, സി.ടി. ഷംനാസ്, അഖിൽ ദാസ്, എബിൻ സണ്ണി, എക്സൈസ് ഡ്രൈവർ മഹമൂദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.