യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീല്‍സ് താരം 'മീശ വിനീത്' വീണ്ടും അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം 'മീശ വിനീത്' എന്ന വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ പള്ളിക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ് വിനീത്.
ഇക്കഴിഞ്ഞ 16ന് വിനീത് ഉൾപ്പെടെ നാലുപേർ രണ്ടു ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിച്ചുവെന്നാണ് കേസ്. മറ്റ് മൂന്ന് പ്രതികളെ പിടികൂടാനായിട്ടില്ല.
നേരത്തെ, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ ആഗസ്റ്റിൽ വിനീത് പിടിയിലായിരുന്നു. സ്വർണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു ഇയാൾ. കിളിമാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് വിനീത്. പത്ത് മോഷണക്കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയായിരുന്നു. മാർച്ചിൽ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലും വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.