കൈക്കൂലിക്കേസ്: എൽസിയുടെ നിയമനത്തിലും ക്രമക്കേട്
text_fieldsകോട്ടയം: കൈക്കൂലി കേസില്‍ എം.ജി സര്‍വകലാശാല ജീവനക്കാരി സി.ജെ. എൽസി അറസ്റ്റിലായതിന് പിറകെ ഇവരുടെ നിയമനം സംബന്ധിച്ച ക്രമക്കേടും പുറത്തുവരുന്നു. ഇടതുരാഷ്ട്രീയത്തിന്റെ തണലിലാണ് ഇവർ എം.ബി.എ വകുപ്പിലെ അസി. തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടി എത്തിയത്.
പത്താംക്ലാസ് പാസാകാത്ത ഇവർ ഇന്റർനാഷനൽ റിലേഷൻസ് വകുപ്പിൽ സ്വീപ്പറായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു. 2009ൽ സർവകലാശാല എസ്.എസ്.എൽ.സി തോറ്റവർക്ക് പ്യൂൺ തസ്തികകളിൽ സ്ഥിരനിയമനം നൽകി. ഇതിനുമുമ്പ് ഏഴാംക്ലാസ് യോഗ്യതയാക്കി പ്യൂൺ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. എസ്.എസ്.എൽ.സി തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാൻ കഴിയുമായിരുന്നു. ഇതിനെതിരെ ഇടത് സംഘടനകൾ കേസ് നൽകിയതിനെത്തുടർന്ന് റിക്രൂട്മെന്റ് മുടങ്ങി. തുടർന്നാണ് 2009ൽ റീനോട്ടിഫൈ ചെയ്ത് ഈ പോസ്റ്റുകളിലേക്ക് പത്താംക്ലാസ് തോറ്റവരിൽനിന്ന് മാത്രം അപേക്ഷ ക്ഷണിച്ചത്. ജയിച്ചവരെ എടുത്തില്ലെന്നു മാത്രമല്ല, ജയിച്ച വിവരം മറച്ചുവെച്ച് ജോലിക്ക് കയറിയ സ്ത്രീയെ പുറത്താക്കുകയും ചെയ്തു. എഴുത്തുപരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖം വഴിയായിരുന്നു നിയമനം. 2009ൽ റാങ്ക് ലിസ്റ്റ് വന്നു. 2010ൽ എൽസി അടക്കമുള്ളവർ പ്യൂൺ തസ്തികയിൽ ജോലിക്ക് കയറി. അന്നുകയറിയ 95 ശതമാനം പേരും ഇടതുസംഘടന ബന്ധമുള്ളവരായിരുന്നെന്ന് ആക്ഷേപമുണ്ട്.
പിന്നീട് എൽസി സാക്ഷരത മിഷന്റെ പത്താംക്ലാസും പ്ലസ് ടുവും ജയിച്ചു. എം.ജിയിൽനിന്ന് പ്രൈവറ്റായി ബിരുദവും നേടി. ഇക്കാലയളവിലാണ് ഡിഗ്രിയും നാലുവര്‍ഷത്തിലേറെ സേവനവുമുള്ള, താഴ്ന്ന തസ്തികയിലുള്ളവർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിക്കുന്നത്. സെക്രട്ടേറിയറ്റ് അസി. തസ്തികയിൽ നാലുശതമാനം പേർക്ക് സ്ഥലംമാറ്റം വഴി പ്രമോഷൻ നൽകാൻ സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇത് സർവകലാശാലകളിൽ, എൻട്രി കേഡർ തസ്തികയുടെ രണ്ടുശതമാനമാണ്. സർക്കാർ ഉത്തരവ് ലംഘിച്ച് എം.ജിയിലും നാലുശതമാനം പേർക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു.
238 എൻട്രി കേഡർ തസ്തികയുടെ നാലുശതമാനം കണക്കാക്കുമ്പോൾ വെറും ഒമ്പതുപേർക്ക് മാത്രമാണ് സ്ഥാനക്കയറ്റം ലഭിക്കുക. അതോടെ യൂനിവേഴ്സിറ്റി അസി., സീനിയർ ഗ്രേഡ് അസി., അസി. സെക്ഷൻ ഓഫിസർ എന്നിങ്ങനെ മൂന്ന് കേഡറിലുമുള്ള മൊത്തം അസിസ്റ്റൻറുമാരുടെ നാലുശതമാനം, അതായത് 712 അസിസ്റ്റന്റുമാരിൽ 28 പേർക്ക് സ്ഥാനക്കയറ്റം നൽകി. അങ്ങനെ എം.ബി.എ വകുപ്പിൽ സ്ഥാനക്കയറ്റം കിട്ടിയവരിലൊരാളാണ് എൽസി. 2016 ആഗസ്റ്റിലാണ് ഈ തസ്തികയിലേക്ക് പി.എസ്.സി ആദ്യനിയമനം നടത്തുന്നത്. 2019 വരെ കാലാവധിയുള്ള റാങ്ക്ലിസ്റ്റ് ഉള്ളപ്പോഴാണ് 2017ൽ ഇവർക്ക് അസിസ്റ്റന്റായി നിയമനം ലഭിച്ചത്. എന്നാൽ, ഇതുവരെ ഇവർ ഡിപ്പാർട്മെന്റ്തല പരീക്ഷ എഴുതിയിട്ടുമില്ല.
ഇതിനിടെ, എല്‍സിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30ന് ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ചചെയ്യാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.