മലയോര മേഖലയില്‍ മൈക്രോ ഫിനാന്‍സ് പണം തട്ടിപ്പ്: രണ്ടുപേര്‍ കസ്റ്റഡിയില്‍
text_fieldsപുനലൂര്‍: മലയോര മേഖലയില്‍ മൈക്രോ ഫിനാന്‍സിലൂടെ വായ്പ അനുവദിക്കാമെന്ന് പറഞ്ഞ് നിരവധി ആളുകളില്‍നിന്നും പണം തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍. തെന്മല പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഓണക്കാലത്താണ് മൂന്നംഗ സംഘം പണവും രേഖകളും തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തെന്മല പൊലീസിന് ലഭിച്ചത്. അസ്മിത ബാങ്കിന്റെ മൈക്രോ ഫിനാന്‍സ് എന്ന പേരിലാണ് കഴിഞ്ഞ ആഴ്ചകളില്‍ ഈ സംഘം സ്ത്രീകളടക്കമുള്ളവരുടെ പക്കല്‍നിന്ന് പണം തട്ടിയെടുത്തത്.
ഉറുകുന്ന് കേന്ദ്രീകരിച്ച് 24 ഒാടെ തട്ടിപ്പുകാര്‍ ഒരു സംഘം രൂപവത്കരിക്കുകയും ഓരോ അംഗത്തിനും 40,000 രൂപ വായ്പ ലഭ്യമാക്കുമെന്നും ഉറുപ്പു നല്‍കി. വായ്പ അനുവദിക്കുന്നതിന് മുന്നോടിയായി ഒാരോ അംഗത്തില്‍നിന്നും 2300 രൂപയും രേഖകളുമാണ് തട്ടിയെടുത്തത്.
എന്നാല്‍, ഓണം കഴിഞ്ഞിട്ടും വായ്പ ലഭിക്കാതായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പണം നല്‍കിയവര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതോടെ ആളുകള്‍ തെന്മല പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.
പരാതികളുടെ എണ്ണം വർധിച്ചതോടെ തെന്മല പൊലീസ് വ്യാഴാഴ്ച കൊല്ലം, കുണ്ടറ, തെങ്കാശി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പുകാര്‍ക്കായി അന്വേഷണം നടത്തി. തട്ടിപ്പുകാരില്‍ രണ്ടു പേരെ വ്യാഴാഴ്ച വൈകീട്ടു കുളത്തുപ്പൂഴനിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പായതിനാല്‍ രേഖകള്‍ സഹിതം വിശദമായി പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കസ്റ്റഡിയിലെടുത്തവരുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.