ലക്ഷങ്ങൾ വിലയുള്ള ചന്ദനമരം മുറിച്ചുകടത്തി
text_fieldsചെറുതോണി: കാൽനൂറ്റാണ്ട് പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി. ഇടുക്കി പ്രകാശിന് സമീപം കരിക്കിന്മേട് എസ്.എൻ.ഡി.പി ശാഖാ യോഗം ഓഫിസിന് മുന്നിൽ നിന്നിരുന്ന 20 ഇഞ്ച് വലിപ്പമുള്ള ചന്ദനമാണ് മുറിച്ചുകടത്തിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ശാഖായോഗം ഓഫിസിലെത്തിയ സെക്രട്ടറിയാണ് ചന്ദനമരം മുറിച്ചുകടത്തിയ വിവരം ആദ്യം അറിയുന്നത്. തുടർന്ന് ഭരണസമിതി അംഗങ്ങളെയും തങ്കമണി പൊലീസിലും വിവരം അറിയിച്ചു. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ് കാര്യമായ അന്വേഷണം നടത്താനോ വനംവകുപ്പിനെ വിവരം അറിയിക്കാനോ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. കട്ടപ്പന ഫോറസ്റ്റ് സെക്ഷൻ ഓഫിസിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.
പരിശോധനയിൽ ചന്ദനം മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ ചന്ദനമുട്ടിയുടെ ഭാഗവും കണ്ടെടുത്തു. തങ്ങളെ ആരും വിവരം അറിയിച്ചിട്ടില്ലന്നും രഹസ്യവിവരത്തെ തുടർന്നാണ് പരിശോധനക്ക് എത്തിയതെന്നുമാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
ചന്ദനമര മോഷ്ടാക്കളെ തിരിച്ചറിഞ്ഞു
നെടുങ്കണ്ടം: ബാലന്പിള്ളസിറ്റിയില്നിന്ന് ചന്ദനമരം മോഷണംപോയ സംഭവത്തില്‍ മോഷ്ടാക്കളെപ്പറ്റി സൂചന ലഭിച്ചു. രാമക്കല്‍മേട് ബാലപിള്ളസിറ്റിയില് സ്വകാര്യ വ്യക്തിയുടെ ഏലക്കാട്ടില്നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തിലാണ് മോഷ്ടാക്കളെപ്പറ്റി വനംവകുപ്പിന് സൂചന ലഭിച്ചത്. ചന്ദന മരങ്ങള്‍ കടത്തിയ ജീപ്പിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. പല്ലാട്ട് രാഹുല്‍, സഹോദരി കാവുങ്കല്‍ രാഹിമോള് എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍നിന്നാണ് രണ്ടാഴ്ച മുമ്പ് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയത്. 15ഓളം മരങ്ങള്‍ മുറിക്കുകയും വലുപ്പമുള്ള അഞ്ച് മരങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു.
ചെറുമരങ്ങള്‍ ചുവട്ടില്‍നിന്ന് വെട്ടിനശിപ്പിച്ചു. ചന്ദനം കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും നശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാമക്കല്‍മേട്ടിലെ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റില്‍ കുറെ ചന്ദനമര കഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.