വയോധികയുടെ മാല കവര്‍ന്ന കൗമാരക്കാരും യുവാവും അറസ്റ്റില്‍
text_fieldsശ്രീകണ്ഠപുരം: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി വഴിചോദിച്ച് വയോധികയുടെ രണ്ടുപവൻ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ രണ്ട് കൗമാരക്കാരെയും യുവാവിനെയും കുടിയാന്മല സി.ഐ മെല്ബിന് ജോസ്, എസ്.ഐ നിബിന് ജോയ് എന്നിവർ അറസ്റ്റ് ചെയ്തു.
ഏരുവേശ്ശി ചെളിമ്പറമ്പ്, ഉളിക്കല്‍ സ്വദേശികളായ രണ്ട് 17 വയസ്സുകാരെയും ഇരിട്ടി പെരിങ്കരി വിളമനയിലെ പരിയാത്ത് അഖില്‍ ജോര്ജിനെയുമാണ് (23) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 30ന് രാവിലെ 10.30ന് റേഷൻകടയിൽ പോയി അരിവാങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പുലിക്കുരുമ്പയിലെ വടയാട്ടുകുന്നേല്‍ മറിയം കുരുവിളയുടെ (86) മാല കവര്‍ന്ന കേസിലാണ് ഇവരെ പിടികൂടിയത്.
കൗമാരക്കാരാണ് ബൈക്കിലെത്തി മാല കവര്‍ന്നത്. ഇവരെ ഇതിന് പ്രേരിപ്പിക്കുകയും മാല വില്‍ക്കുകയും ചെയ്തതിനാണ് അഖില്‍ ജോര്‍ജ് പിടിയിലായത്. ഇവർ മോഷ്ടിച്ച് സഞ്ചരിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.
30ന് ഉച്ചകഴിഞ്ഞ്, കണ്ണൂര്‍ എസ്.ബി.ഐക്ക് സമീപമുള്ള സൂപ്പര്‍ ബസാര്‍ കോംപ്ലക്സില്‍ നിർത്തിയിട്ട കക്കാട് സ്വദേശിനി നിജിഷ സജീഷിന്റെ ഇരുചക്രവാഹനം കവര്‍ന്ന കൗമാരക്കാര്‍ തൊട്ടടുത്ത ദിവസം പുലിക്കുരുമ്പയിലെത്തി.
പുലിക്കുരുമ്പ-കുടിയാന്മല റോഡ് കയറ്റത്തില്‍ ഇവര്‍, നടന്നുപോവുകയായിരുന്ന മറിയത്തോട് കുടിയാന്മലയിലേക്കുള്ള വഴി അന്വേഷിക്കുകയും മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന്, പൊട്ടിച്ചെടുക്കാന്‍ നിര്‍ദേശം നല്കിയ അഖില്‍ ജോര്‍ജിന് മാല ഏൽപിക്കുകയായിരുന്നു. മാല വിറ്റ് പണമാക്കിയ അഖില്‍ ജോര്‍ജ് കൗമാരക്കാരെയും കൂട്ടി ബംഗളൂരുവില്‍ കറങ്ങിയ ശേഷം തിരിച്ചെത്തി.
ഏരുവേശ്ശി, ചെമ്പേരി, നടുവില്‍, കുടിയാന്മല, പയ്യാവൂര്‍ എന്നിവിടങ്ങളിലെ നൂറോളം നിരീക്ഷണ കാമറകള്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചിരുന്നു. ഒടുവിൽ പയ്യാവൂരില്നിന്നാണ് മോഷ്ടാക്കളുടെ ദൃശ്യം പൊലീസിന് ലഭിച്ചത്.
എ.എസ്.ഐ സുരേന്ദ്രന്, സി.പി.ഒമാരായ ജാബിര്‍, അബ്ദുൽ സലീം, സുജേഷ്, ശിഹാബ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇതോടെ തളിപ്പറമ്പ് പൊലീസ് സബ് ഡിവിഷനിലെ നാല് സ്വർണമാല കവര്‍ച്ച കേസുകളിലെ പ്രതികളാണ് ഒരാഴ്ചക്കുള്ളിൽ പിടിയിലായത്. കഴിഞ്ഞദിവസം കുറുമാത്തൂരില്‍ വയോധികയെ തലക്കടിച്ച് മാല കവര്‍ന്ന കേസിലും ആലക്കോട്ട് യുവതിയുടെ മാല പൊട്ടിച്ച കേസിലും പയ്യാവൂരില്‍ വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത കേസിലും വേഗത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കുടിയാന്മലയിൽ പിടിയിലായ മാല കവർച്ചക്കാരെ ഇരുചക്രവാഹനം മോഷ്ടിച്ചതിന് കണ്ണൂർ ടൗൺ പൊലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.