‘അവനെപ്പോലുള്ളവർ ജീവിക്കാൻ പാടില്ല’; രോഷാകുലരായി ജനം, തുമ്പായത് താജുദ്ദീൻ നൽകിയ വിവരം
text_fieldsആലുവ: തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത അറിഞ്ഞതോടെ ആലുവ മാർക്കറ്റിലേക്ക് ജനം ഒഴുകുകയായിരുന്നു. പൊലീസ് വലയങ്ങൾ ഭേദിച്ചും ജനങ്ങൾ മാർക്കറ്റിലും സമീപത്തെ അക്വഡക്ട് പാലത്തിലും തമ്പടിച്ചു.
വെള്ളിയാഴ്ച വൈകീട്ട് കുട്ടിയെ കാണാതായതുമുതൽ പ്രാർഥനയിലായിരുന്നവർ, മരണവിവരം അറിഞ്ഞതോടെ വേദനയിലായി. പ്രതിയോടുള്ള രോഷവും പലരും പ്രകടിപ്പിച്ചു. ‘‘അവനെപ്പോലുള്ളവർ ജീവിക്കാൻ പാടില്ല, അവനെ ഞങ്ങൾക്ക് വിട്ടുതരണം, അവനെ വിട്ടുകൊടുക്കരുത്, കൈയും കാലും തല്ലിയൊടിക്കണം’’ തുടങ്ങിയ രീതിയിൽ പ്രതികരിച്ചവരുമുണ്ട്. അസ്ഫാഖിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാട്ടുകാരുടെ നിയന്ത്രണം വിട്ടത്. ജനരോഷം ശക്തമായതോടെ പൊലീസും കുഴങ്ങി. പ്രതിക്കുനേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയുമുണ്ടായി. ഇതേതുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പ്രതിയെ തിരികെ കൊണ്ടുപോയി. മാർക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിന് ശ്രമിച്ചത്. എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. ശ്രീനിവാസൻ, റൂറൽ എസ്.പി വിവേക് കുമാർ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.
തുമ്പായത് താജുദ്ദീൻ നൽകിയ വിവരം
കൊച്ചി: ബിഹാറി ബാലികയുടെ മൃതദേഹം കണ്ടെത്തുന്നതിന് പൊലീസിന് പിടിവള്ളിയായത് താജുദ്ദീന്റെ വെളിപ്പെടുത്തൽ. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കുഞ്ഞിന്റെ കൈപിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോകുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ പൊലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായെന്ന വാർത്തയറിഞ്ഞതോടെയാണ് ഇദ്ദേഹം താൻ കണ്ട വിവരങ്ങൾ കൈമാറിയത്. തുടർന്ന് പൊലീസ് എത്തി സി.സി.ടി.വി അടക്കം പരിശോധിച്ചെങ്കിലും കുട്ടിയുമായി അസ്ഫാഖ് പോകുന്നതല്ലാതെ മടങ്ങുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.
സംശയം തോന്നിയതിനെത്തുടർന്ന് വീണ്ടും ശനിയാഴ്ച രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയപ്പോഴാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കുഞ്ഞിന്റെ കൈപിടിച്ചിരുന്നത് കേസിൽ പ്രതിയായ അസ്ഫാഖ് തന്നെയാണ്. സംശയം തോന്നി കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും തന്റേതാണെന്ന് മറുപടി പറഞ്ഞെന്നും താജുദ്ദീൻ പറഞ്ഞു. ഈസമയം കുട്ടിയുടെ കൈയിൽ മിഠായി ഉണ്ടായിരുന്നു. അസ്ഫാഖിന് പിന്നാലെ രണ്ടുമൂന്നുപേർകൂടി മാർക്കറ്റിലേക്ക് പോയി. എന്നാൽ, അവരെ ഓർമയില്ല. മൂന്നുമണിക്കുശേഷം മാർക്കറ്റിന്റെ പിൻഭാഗം മദ്യപരുടെ കേന്ദ്രമാണെന്ന് താജുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.