വിദ്യാർഥിനികളോട് മോശം പെരുമാറ്റം: അധ്യാപകനായ പ്രതിയെ സഹായിച്ച സി.പി.എം നേതാക്കൾക്ക് നോട്ടീസ്
text_fieldsമാവേലിക്കര: വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനെ സഹായിക്കാൻ ഇടപെട്ട സി.പി.എം നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ ആർ.ഹരിദാസൻ നായർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ എൻ. ഇന്ദിര ദാസ്, സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗം ജി. രാജു എന്നിവർക്കാണ് പാർട്ടി ഏരിയ കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അമ്പലപ്പുഴയിലെ എയ്ഡഡ് ടി.ടി.ഐയിൽ അധ്യാപകനായിരുന്ന ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവുമായ കൈതവടക്ക് ശ്രീഭവനിൽ എസ്. ശ്രീജിത്തിനെ നാല് വിദ്യാർഥിനികളുടെ പരാതിയിലാണ് ആദ്യം അറസ്റ്റിലായത്.
സംഭവത്തിൽ പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ ഇടപെടുകയും പരാതിക്കാരെ സ്വാധീനിക്കുകയും ചെയ്തുവെന്ന ആക്ഷേപത്തിലാണ് നാലുപേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. പരാതിക്കാരുടെ വീട്ടിലെത്തിയ പ്രാദേശിക നേതാക്കൾ അവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.
തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ ജാമ്യവും ലഭിച്ചു. പിന്നീട് മറ്റൊരു വിദ്യാർഥിനിയുടെ പരാതിയിൽ പുന്നപ്ര പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതോടെയാണ് റിമാൻഡിലായത്. രണ്ടാമതും അറസ്റ്റിലായപ്പോൾ പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനും സ്വാധീനിക്കാൻ ശ്രമിച്ചതിനും ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അതേസമയം റിമാൻഡിലായിരുന്ന ശ്രീജിത്തിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.