മിഷയുടെ തട്ടിപ്പ് ലക്ഷങ്ങളിൽ ഒതുങ്ങില്ല; കെണിയൊരുക്കിയത് വമ്പൻ പലിശ വാഗ്ദാനം ചെയ്ത്
text_fieldsതൃശൂർ: ഓഹരി വിപണിയുടെ പേരിൽ ആളുകളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു. കുറ്റൂർ ചീറോത് വീട്ടിൽ മിഷ (39) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. തട്ടിപ്പ് ലക്ഷങ്ങളിലൊതുങ്ങിയേക്കില്ലെന്ന് പൊലീസിന്റെ വിലയിരുത്തൽ. പ്രാഥമിക അന്വേഷണത്തിൽ തന്നെ നിരവധിയാളുകൾ പണം തട്ടിയെന്ന പരാതികളുമായി എത്തിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലേക്കും ഇതുസംബന്ധിച്ച് അന്വേഷണങ്ങളെത്തുന്നുണ്ട്.
സാധാരണക്കാരും വമ്പൻമാരും ബിസിനസുകാരുമെല്ലാം മിഷയുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഓഹരി നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കിയെന്ന് കാണിക്കാൻ ആഡംബര വില്ലകളും ഫ്ലാറ്റുകളും വാടകക്കെടുത്ത് കുടുംബമായിട്ടാണ് മിഷ താമസിച്ചിരുന്നത്. ആരെയും വീഴ്ത്താൻ കഴിയുന്ന വാക്ചാതുര്യവും ആളുകൾ കെണിയിൽ വീഴാൻ കാരണമായി. പലരും പരാതിപ്പെടാൻ മടിക്കുന്നുണ്ടെന്നും പറയുന്നു.
സർക്കാർ സർവിസിൽനിന്ന് വിരമിച്ചവരിൽനിന്നും വ്യാപാരികളിൽ നിന്നുമെല്ലാം വൻ തുകകൾ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. തുടക്കത്തിൽ പലിശ എന്ന നിലയിൽ നല്ല ഒരു തുക നൽകി വിശ്വാസം നേടിയെടുക്കും. പിന്നീട് അവരിൽനിന്ന് കൂടുതൽ സംഖ്യ നിക്ഷേപമായി സ്വീകരിച്ച് പലിശയും തുകയും നല്‍കാതെ വഞ്ചിക്കുന്നതാണ് തട്ടിപ്പിന്‍റെ രീതി.
പ്രതിക്കെതിരെ വേറെയും സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള പരാതികൾ നിലവിലുള്ളതായി വിയ്യൂര്‍ പൊലീസ് അറിയിച്ചു. ഇവർക്ക് ആരെങ്കിലും സഹായികളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എ.എസ്.ഐ ജോമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ പി.സി. അനിൽകുമാർ, രേഷ്മ രവി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.