ഹിന്ദു യുവാവിനോട് സംസാരിച്ചു എന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം
text_fieldsലഖ്നോ: ഹിന്ദു യുവവിനോട് സംസാരിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടികളെ ആൾക്കൂട്ടം ആക്രമിച്ചു. സഹരൻപുർ ജില്ലയിലെ ദേവ്ബന്ദിൽ ഡിസംബർ 11നായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ 38 കാരനായ മൊഹമ്മദ് മെഹ്താബ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 16ഉം 17ഉം വയസ് പ്രായമുള്ള പെൺകുട്ടികളാണ് ആൾകൂട്ട അക്രമത്തിന് ഇരയായത്. ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്ന വഴി ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയിൽ രണ്ട് പേർ എത്തുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ ആളുകളെകൂട്ടി ഹിന്ദു യുവാവിനോട് പെൺകുട്ടികൾ സംസാരിച്ചുവെന്ന പേരിൽ വിഷയം വഷളാക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടികൾ സഹോദരനെ വിളിക്കാനായി ഫോൺ എടുത്തപ്പോൾ ആൾക്കൂട്ടം ഫേൺ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ചെയ്തു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന സമ്മാനപ്പൊതി പെൺകുട്ടികൾ നൽകിയതാണെന്നായിരുന്നു ആൾക്കൂട്ടത്തിന്റെ ആരോപണം. യുവാവ് ഹിന്ദുവല്ലെന്ന് മനസിലാക്കിയതിന് ശേഷമാണ് ആൾക്കൂട്ടം പെൺകുട്ടികളെ വിട്ടയച്ചത്. അവിടെ നിന്നും രക്ഷപ്പെട്ട പെൺകുട്ടികൾ ലോക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആളുകൾ തന്നെ മർദ്ദിച്ചതായും ഹിജാബ് അഴിച്ചുമാറ്റാൻ ശ്രമിച്ചതായും പെൺകുട്ടി പൊലീസിൽ മൊഴി നൽകി.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റൂറൽ എസ്.പി സാഗർ ജെയിൻ പറഞ്ഞു. പ്രചരിക്കുന്ന വിഡിയോ ഉപയോഗിച്ച് മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണെന്നും എസ്.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.