മൊബൈൽ പിടിച്ചുപറി കേസ്: അറസ്റ്റിലായ പ്രതിയുടെ കൈവശം എയർ ഗണ്ണും കഠാരയും
text_fieldsകോഴിക്കോട്: മൊബൈൽ പിടിച്ചുപറിക്കേസിൽ അറസ്റ്റിലായ യുവാവിൽനിന്ന് പൊലീസ് എയർഗണ്ണും, കഠാര, മോഷ്ടിച്ച ഡ്യൂക്ക് ബൈക്ക് തുടങ്ങിയവ കണ്ടെത്തി. ആലപ്പുഴ കുതിയതോട് കളത്തിൽ വിഷ്ണു ശ്രീകുമാറിനെയാണ് (33) ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. നവംബർ 11ന് വൈകീട്ട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് പരിസരത്തുനിന്ന് യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് വിഷ്ണു ബൈക്കിൽ കടന്നുകളയുകയായിരുന്നു.
യുവാവ് നൽകിയ പരാതിയിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ ബൈക്കിന്റെ രൂപം മനസ്സിലാക്കിയാണ് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ നിരവധി സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കുകയും ചെയ്തതിനുപിന്നാലെ നഗരത്തിലെ ലോഡ്ജിൽ നിന്നാണ് വിഷ്ണു അറസ്റ്റിലായത്.
കസ്റ്റഡിയിലെടുക്കുമ്പോൾ മോഷ്ടിച്ച മൊബൈൽ ഫോണിനൊപ്പമാണ് എയർ ഗണ്ണും കഠാരയുമടക്കമുള്ളവ കണ്ടെത്തിയത്. പ്രതി ഉപയോഗിച്ച ഡ്യൂക്ക് ബൈക്ക് എറണാകുളത്തുനിന്നാണ് മോഷ്ടിച്ചത്. തുടർന്ന് വ്യാജ നമ്പർ പതിക്കുകയും ഇതിൽ കോഴിക്കോട്ടെത്തുകയുമായിരുന്നു. വിവിധ ജില്ലകളിലായി ബലാത്സംഗം, കവർച്ച ഉൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ സുഭാഷ് ചന്ദ്രനടക്കമുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.