വിതരണക്കാരാക്കാമെന്ന് പറഞ്ഞ് കോടികൾ തട്ടി; ബേസിക് ഫസ്റ്റ് ലേണിങ് ഡയറക്ടർ അറസ്റ്റിൽ
text_fieldsകോട്ടയം: കേരളത്തിലെ വിതരണക്കാരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന കേസിൽ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബേസിക് ഫസ്റ്റ് ലേണിങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രൺധീർകുമാർ പ്രിയദർശി (47) അറസ്റ്റിൽ. മറ്റൊരു തട്ടിപ്പുകേസിൽ ഝാർഖണ്ഡിൽ അറസ്റ്റിലായ ഇയാളെ കഴിഞ്ഞ ദിവസം എറണാകുളം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി.
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചശേഷം പരാതിക്കാരെ വിളിച്ചുവരുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അമ്പതോളം പേരിൽനിന്നാണ് ഇയാൾ പണം തട്ടിയത്. എന്നാൽ, കേരളത്തിൽ ഇതുവരെ കമ്പനി പ്രവർത്തനം തുടങ്ങിയിട്ടില്ല. തട്ടിപ്പിനെതിരെ എറണാകുളത്തെ അഭിഭാഷകനായ വർഗീസ് പി. ചാക്കോയുടെ നേതൃത്വത്തിൽ 25 പരാതിക്കാർ ഹൈകോടതിയെ സമീപിക്കുകയും തുടർന്ന് ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിന് നിയോഗിക്കുകയുമായിരുന്നു.
എറണാകുളത്ത് തുറന്ന ഇവരുടെ ഓഫിസ് പൂട്ടിക്കിടക്കുകയാണ്. 24 മണിക്കൂറും ഒരു അധ്യാപകൻ ഒരു വിദ്യാർഥിക്കായി ഓൺലൈനിൽ ലഭ്യമാകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
ഏരിയ ഡിസ്ട്രിബ്യൂട്ടറാക്കാമെന്ന് പറഞ്ഞാണ് രാമപുരം സ്വദേശി ജോജോയിൽനിന്ന് 5,92,000 രൂപയാണ് തട്ടിയെടുത്തത്. രൺധീർകുമാർ പ്രിയദർശി, ഭാര്യ പുഷ്പകുമാരി, സുവേഷ്, സന്ദീപ്, അരുൺ, എറണാകുളം മീൻപാറ സ്വദേശി ജിനു മാത്യൂസ്, കാക്കനാട് സ്വദേശി കെ.സി. വിനോദ്, കോട്ടയം ആർപ്പൂക്കര സ്വദേശി ജേക്കബ് ജോർജ് എന്നിവർക്കെതിരെ ജോജോ 2020 നവംബറിൽ രാമപുരം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.