പണം തട്ടുന്ന നാടോടിസംഘം സജീവം
text_fieldsകോന്നി: ജില്ലയിൽ പണം തട്ടുന്ന നാടോടിസംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നിയിൽ ബസ് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടിസ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയും തുടർന്ന് ഇവരിൽനിന്ന് 25,000 രൂപ കണ്ടെത്തുകയും ചെയ്തത്.
ഇതിനുശേഷമാണ് കലഞ്ഞൂരിൽ വീട്ടമ്മയുടെ മാല അപഹരിച്ചത്. ബസിലും മറ്റ് തിരക്കുള്ള സ്ഥലങ്ങളിലും സംഘങ്ങളായോ ഒറ്റക്കോ ആണ് മോഷ്ടാക്കൾ വിലസുന്നത്. സ്ത്രീകളുടെ അടുത്തുകൂടുന്ന മോഷ്ടാക്കൾ തിരക്കിനിടെ സ്വർണവും പണവും അപഹരിക്കുന്നതാണ് രീതി. പണം നഷ്ടപ്പെട്ടെന്ന് അറിയുമ്പോഴേക്കും മോഷ്ടാക്കൾ കടന്നുകളഞ്ഞിരിക്കും.
ഇത്തരത്തിൽ പണവും സ്വർണവും നഷ്ടപ്പെട്ട പലരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിൽനിന്നാണ് ഇത്തരത്തിൽ മോഷ്ടാക്കൾ കേരളത്തിൽ എത്തുന്നത്. നിലവിൽ നടന്നിട്ടുള്ള മോഷണക്കേസുകളിൽ പ്രതികൾ ആയിട്ടുള്ളവരും തമിഴ്‌നാട് സ്വദേശികളാണ്.
പട്ടാപ്പകലാണ് കൂടുതൽ മോഷണങ്ങളും നടക്കുന്നത്. കോന്നി, കലഞ്ഞൂർ, കൂടൽ തുടങ്ങി പല സ്ഥലങ്ങളിലും ഇത്തരം സംഘങ്ങൾ വിലസുന്നു എന്നാണ് അറിയുന്നത്. സാധാരണക്കാരുടെ രീതിയിൽ വേഷവിധാനങ്ങളോടെയാണ് ഇവർ പൊതുജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതും. ഓണത്തിരക്കുകൾക്കിടയിൽ ഇത്തരം സംഘങ്ങൾ വർധിക്കുന്നതിനും സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.