ഏഴു ലക്ഷം കവർന്ന കേസ്; പൾസർ സുനിയടക്കം ഒമ്പത് പ്രതികളെ വെറുതെ വിട്ടു
text_fieldsകോട്ടയം: ബസ് യാത്രക്കിടെ വ്യാപാരിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് ഏഴു ലക്ഷത്തോളം രൂപ കവർന്ന കേസിൽ പൾസർ സുനി അടക്കം ഒമ്പത് പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. ജെയിംസ് മോൻ ജേക്കബ് എന്ന അലോട്ടി, സജിത്ത് എന്ന ബുള്ളറ്റ് സജി, സുബൈർ, രഞ്ജിത്ത്, നിധിൻ ജോസഫ്, ജിതിൻ രാജു എന്ന അക്കു, ദിലീപ്, ടോം കെ. ജോസഫ് എന്ന കൊച്ചമ്മ എന്നിവരെയാണ് അഡീഷണൽ ജില്ല കോടതി ഒന്ന് ജഡ്ജി നിക്സൺ എം. ജോസഫ് വിട്ടയച്ചത്. 2014 മേയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
പാലായിലെ ജ്വല്ലറിയിൽ സ്വർണം നൽകിയ ശേഷം ലഭിച്ച പണം ബാഗിലാക്കി ഏറ്റുമാനൂർ ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ വരികയായിരുന്നു വ്യാപാരി. ബസ് കിടങ്ങൂരെത്തിയപ്പോൾ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ബാഗുമായി പ്രതി ജിതിൻ ബസിൽ നിന്ന് ഇറങ്ങിയോടിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പൾസർ സുനി ബൈക്കിലും കൂട്ടാളികളായ നാലു പേർ കാറിലും ബസിനെ പിന്തുടരുന്നുണ്ടായിരുന്നു. ജിതിൻ സുനിയുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
വ്യാപാരി പണം വാങ്ങിയശേഷം തിരികെ പോകുന്ന ദൃശ്യങ്ങൾ ജ്വല്ലറിയിലെ സി.സി. ടി.വിയിൽ പതിഞ്ഞിരുന്നു. വ്യാപാരി പുറത്തേക്കിറങ്ങിയ സമയം ജ്വല്ലറിയിലെ ജീവനക്കാരൻ തിരക്കിട്ട് ഫോൺ വിളിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം സുനിയിലേക്കും സംഘാംഗങ്ങളിലേക്കും എത്തുകയായിരുന്നു. ജീവനക്കാർ ഉൾപ്പെടെ നാലു പേരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ പൾസർ സുനിക്കു വേണ്ടി അഡ്വ. ലിതിൻ തോമസ്, അഡ്വ. ജിഷ ബേബി, ജോർജ് ജോസഫ്, അഡ്വ. ലിബിൻ വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.