പുരാവസ്തു സാമ്പത്തിക തട്ടിപ്പ്: അന്വേഷണവുമായി ഇ.ഡി മുന്നോട്ട്
text_fieldsകൊച്ചി: സർക്കാറിെൻറ എതിർപ്പ് വകവെക്കാതെ മോൻസൺ മാവുങ്കലിെൻറ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുന്നോട്ട്. ഇതിെൻറ ഭാഗമായി കേസിലെ പരാതിക്കാരോട് മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകി. പരാതിക്കാരനായ യാക്കൂബിന് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന അഭ്യർഥനയിൽ തീയതി നീട്ടി നൽകി. ഏതൊക്കെ തരത്തിലുള്ള തട്ടിപ്പ് മോൻസൺ നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ യാക്കൂബിനോട് നിർദേശിച്ചു. മറ്റ് പരാതിക്കാർക്കും ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം.
ഇ.ഡി പോലുള്ള കേന്ദ്ര ഏജൻസികൾ കേസിൽ ഇടപെടുന്നത് നിക്ഷിപ്ത താൽപര്യം മൂലമാണെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. ഫെഡറൽ സംവിധാനത്തിന് വിരുദ്ധമായാണ് ഇടപെടലെന്നും കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഹൈകോടതിയിൽ അറിയിച്ചിരുന്നു. ഇതിനിടെയിലാണ് കേസിൽ അന്വേഷണവുമായി ഇ.ഡി മുന്നോട്ടുപോകുന്നത്.
അതേസമയം, കേസിെൻറ അന്വേഷണ വിവരങ്ങൾ ചോദിച്ച് ഇ.ഡി ക്രൈംബ്രാഞ്ചിന് നൽകിയ കത്തിന് ആഴ്ചകൾ പിന്നിട്ടിട്ടും മറുപടി കൈമാറിയിട്ടില്ല. ഒരിക്കൽ കൂടി നോട്ടീസ് നൽകാനാണ് തീരുമാനം. പുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. ഇവ വിൽക്കാനും വാങ്ങാനുമായി കോടികൾ ചെലവഴിച്ചതായാണ് പരാതികൾ. ക്രൈംബ്രാഞ്ച് മോൻസൺ മാവുങ്കലിനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇ.ഡി അന്വേഷിക്കും.
പരാതിക്കാരുടെ മൊഴിയെടുക്കൽ കൂടാതെ മോൻസനെയും ചോദ്യം ചെയ്യും. രേഖകളില്ലാതെ മോൻസണിെൻറ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെയൊക്കെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.