സ്ത്രീയെയും മകനെയും ആക്രമിച്ച ബീച്ചിൽ മുമ്പും സമാന സംഭവങ്ങൾ; പരാതി നൽകാത്തത് അക്രമികൾക്ക് പ്രോത്സാഹനമായി
text_fieldsപരവൂർ: സ്ത്രീയെയും മകനെയും സദാചാര ഗുണ്ട ചമഞ്ഞ് ആക്രമിച്ചു പരിക്കേൽപ്പിച്ച തെക്കുംഭാഗം - കാപ്പിൽ ബീച്ചിൽ സമാനമായ സംഭവങ്ങൾ മുമ്പുമുണ്ടായി. മിക്കവാറും സമയം ഇവിടെ സാമൂഹ്യ വിരുദ്ധരുടെ തവളമാണ്. മദ്യപാനവും സന്ദർശകരോട് അശ്ലീലം പറയലും പതിവാണ്. എന്നാൽ ഇതൊന്നും ആരും പരാതിപ്പെടാത്തതിനാൽ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
ഒരാഴ്ച മുമ്പ് യുവാവിനൊപ്പമെത്തി തീരത്ത് തിര ചവിട്ടാനിറങ്ങിയ പെൺകുട്ടിയുടെ മൊബൈൽ ഫോണും പണവും കവർന്നിരുന്നു. അതിനു മുമ്പ് മറ്റൊരു പെൺകുട്ടിയുടെ സ്വർണമാല ഊരിവാങ്ങിയ അനുഭവമുണ്ടായി. അതിക്രമത്തിനും പിടിച്ചുപറിക്കും ഇരയായവർ പരാതി നൽകാത്തതിനാൽ ഇതൊന്നും പുറത്തറിയാതെ പോയി.
അതിക്രമത്തിന് ഇരയാകുന്നവർ പരാതി നൽകിയാലും പൊലീസ് വേണ്ടത്ര പരിഗണിക്കാറില്ല. ബീച്ചിൽ പോയത് തന്നെ തെറ്റാണെന്ന തരത്തിൽ ഇരകളെ കുറ്റപ്പെടുത്തുന്ന നിലപാട് പൊലീസ് കൈകൊള്ളുന്നതെന്നും ആക്ഷേപമുണ്ട്.
തിങ്കളാഴ്ച സ്ത്രീക്കും മകനുമെതിരെ ഉണ്ടായ അതിക്രമത്തിലും പൊലീസ് ആദ്യം പ്രതിയെ രക്ഷപ്പെടുത്തനാണ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. അക്രമത്തിനിരയായ സ്ത്രീയും മകനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പരാതി മുഖവിലക്കെടുക്കാതെ ഇരുവരോടും ആശുപത്രിയിൽ പോകാൻ നിർദേശിക്കുകയാണ് പരവൂർ പൊലീസ് ചെയ്തത്. പ്രതിയുടെ ഫോട്ടോ ഇവർ പൊലീസിന് കൈമാറിയിരുന്നു. അതിനു ശേഷം ഇവർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പോയി.
അതിക്രമത്തിന് ഇരയായ സ്ത്രീയും മകനും സ്റ്റേഷൻ വിട്ട ശേഷം പ്രതി പരാതിയുമായി എത്തി. തന്‍റെ ആടിനെ അക്രമത്തിനിരയായവർ കാർ ഇടിപ്പിക്കുകയും തന്നെ ഉപദ്രവിക്കുകയും ചെയ്തതായാണ് ഇയാൾ പരാതി നൽകിയത്. മയ്യനാട്ട് ആശുപത്രിയിൽ ചികിത്സ തേടി എന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇതെല്ലാം കളവാണെന്ന് വ്യക്തമായി. പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും ഇയാളെ വിട്ടയച്ച പൊലീസ് അക്രമത്തിനിരയായ സ്ത്രീയോട് കേസുമായി മുന്നോട്ടു പോകണോ എന്ന് ചോദിച്ച് പിന്തിരിപ്പിക്കാനും ശ്രമം നടത്തി.
ബീച്ചിലെ സാമൂഹിക വിരുദ്ധരെ പൊലീസ് ഒരിക്കലും ശ്രദ്ധിക്കാറില്ല. പരവൂർ പൊലീസിന്‍റെയും ആയിരൂർ പൊലീസിന്‍റെയും അതിർത്തി പ്രദേശമായതിനാൽ രണ്ടു കൂട്ടരും സൗകര്യപൂർവ്വം കൈ കഴുകുകയാണ് പതിവ്. ബീച്ചിൽ വെളിച്ചമില്ലാത്തത് മൂലം രാത്രി ഏഴു മണി കഴിഞ്ഞാൽ ഇതുവഴി സഞ്ചരിക്കാൻ പോലും ആളുകൾക്ക് ഭയമാണ്. ഹൈമാസ്റ്റ് ലൈറ്റുകളും ഗ്രാമവെളിച്ചവും ഒക്കെയുണ്ടെങ്കിലും ഒന്നും തെളിയാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.