സഹർ നേരിട്ടത് ക്രൂര മർദനം, ആന്തരികാവയവങ്ങൾ തകർന്നു; ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്
text_fieldsതൃശൂർ: തിരുവാണിക്കാവിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ മരിച്ച ബസ് ഡ്രൈവർ സഹർ നേരിട്ടത് ക്രൂരമായ മർദനം. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാലുവരെ ആറംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് കണ്ടെത്തൽ. മർദനത്തിൽ വൃക്കയുൾപ്പെടെ ആന്തരികാവയവങ്ങൾക്ക് മാരക പരിക്കേറ്റു. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തിലെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
ഫെബ്രുവരി 18ന് ശിവരാത്രിയിൽ ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. തൃശൂർ - തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അവിവാഹിതനായ സഹർ. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നത്. രാത്രി 12ന് തങ്ങളുടെ പ്രദേശത്ത് യുവാവിനെ കണ്ടത് ആറംഗ സംഘം ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയായിരുന്നു. പുലർച്ച വരെ മർദനം തുടർന്നു.
പുലർച്ചയോടെ സഹർ വീട്ടിലെത്തി കിടന്നെങ്കിലും കടുത്ത വേദനയെ തുടർന്ന് കരച്ചിലായി. ഇതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽനിന്നും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ജീവൻ നഷ്ടമാകുകയായിരുന്നു.
സംഭവത്തിൽ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആഴ്ചകൾ പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. ഒരു പ്രതി വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. പൊലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വൻ വീഴ്ചയുണ്ടായതായി വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.