തട്ടുകട നടത്തുന്ന അമ്മക്കും മകനും മർദനം; രണ്ടുപേർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: ഭക്ഷണം തീർന്നു എന്ന് പറഞ്ഞതിനെ തുടർന്ന് തട്ടുകട നടത്തുന്ന സ്ത്രീയെയും മകനെയും മർദിച്ച രണ്ടുപേർ പിടിയിൽ. ഒന്നാം പ്രതി ഒളിവിൽ. ജങ്ഷനിൽ തട്ടുകട നടത്തുന്ന കോയിപ്രം കുമ്പനാട് കരിപ്പുറത്തകണ്ടം കരിങ്കുറ്റിയിൽ ജോൺ ജോയിയുടെ ഭാര്യ ലിസി ജോയിക്കും (58) മകനുമാണ് ക്രൂരമർദനമേറ്റത്. രണ്ടാം പ്രതി മുണ്ടമല പുല്ലേലിമല പുല്ലേലിൽ വീട്ടിൽ രാജുവിന്‍റെ മകൻ പ്രസ്റ്റീൻ രാജു (24), മൂന്നാം പ്രതി കോയിപ്രം കുറവൻ കുഴി ആന്താരിമൺ ഓലിക്കുതാഴെതിൽ ഷാജിയുടെ മകൻ ശാരോൺ ഷാജി (22) എന്നിവരാണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്. കോയിപ്രം കുമ്പനാട് ചൊവ്വാഴ്ച രാത്രി 10.45നാണ് സംഭവം. ഒന്നാം പ്രതി സുനിൽ അസഭ്യം വിളിച്ച് ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ, കടയുടെ സമീപത്തുനിന്ന രാജൻ ചോദ്യം ചെയ്തു.
ഇയാളെ പ്രതികൾ മർദിച്ചു. തടസ്സം പിടിക്കാനെത്തിയ ലിസിയുടെ മകൻ അനീഷ് കുമാറിനെയും മർദിച്ചു. ലിസി ഇടക്കുകയറി തടയാൻ ശ്രമിച്ചു. അപ്പോഴാണ് അവർക്ക് മർദനമേറ്റത്. പ്രതികൾ ലിസിയുടെ സാരി പിടിച്ചുവലിച്ച് അപമാനിക്കുകയും തള്ളിയിടുകയും ചെയ്തു. കടയിൽ സഹായിക്കാൻ നിന്ന മരുമകളെയും അസഭ്യം പറഞ്ഞു. പ്രതികളിലൊരാൾ ബൈക്കിൽ സൂക്ഷിച്ച ഇരുമ്പ് പൈപ്പുകൊണ്ട് ലിസിയുടെ മകനെ അടിച്ച് ഇടതുതോളിനു മുറിവേൽപിച്ചു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളിൽ രണ്ടാം പ്രതിയെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മൂന്നാം പ്രതി ശാരോൺ ഷാജിയെയും പിടികൂടി. ഇയാൾ റാന്നി പൊലീസ് സ്റ്റേഷനിലെ മൂന്ന് മോഷണക്കേസുകളിൽ പ്രതിയാണ്. പ്രതികൾ ലഹരുവസ്തുക്കൾ പതിവായി ഉപയോഗിക്കുന്നവരാണെന്ന് എസ്.ഐ അനൂപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.