നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ മാതാവിന് ജീവപര്യന്തം
text_fieldsകൊല്ലം: പൂർണ വളർച്ചയെത്തിയ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ മാതാവ് പുത്തൂർ കാരിക്കൽ കൊല്ലരഴികത്ത് വീട്ടിൽ അമ്പിളിക്ക് (29) ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട നവജാതശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കുറ്റത്തിന് ഒരുവർഷം കഠിനതടവിനുകൂടി ശിക്ഷിച്ചിട്ടുണ്ട്. ഭർത്താവായ മഹേഷിനെ വെറുതെ വിട്ടു.
2018 ഏപ്രിൽ 17നാണ് കൊല്ലം പവിത്രേശ്വരം ഗുരുനാഥൻനട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തിൽ തെരുവുനായ്ക്കൾ കടിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ മുറിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു. പ്രദേശവാസികളുടെയും ആശാവർക്കറുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അമ്പിളിയും ഭർത്താവ് മഹേഷും അറസ്റ്റിലായത്.
ഭാര്യ ഗർഭിണിയാണെന്ന കാര്യം മറച്ചുെവക്കുകയും ഗർഭഛിദ്രത്തിന് പലതവണ ശ്രമിക്കുകയും ചെയ്തതാണ് മഹേഷിനെതിരെ ചുമത്തിയ കുറ്റം. പ്രതികൾക്ക് രണ്ടരവയസ്സുള്ള ആൺകുഞ്ഞുണ്ടായിരുന്നു. 2017 ഒക്ടോബറിൽ വീണ്ടും ഗർഭിണിയായതിനെതുടർന്ന് സ്വകാര്യആശുപത്രിയിൽ ഗർഭഛിദ്രത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് ഭർത്താവ് വാങ്ങി നൽകിയ ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചു. സംഭവദിവസം അയൽപക്കത്തുള്ള അടുത്ത ബന്ധുവിന്റെ വീട്ടിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ പൊക്കിൾകൊടി മുറിച്ചുമാറ്റിയ ശേഷം നെഞ്ചിലമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടുമുറ്റത്ത് കുഴിയെടുത്ത് കുഞ്ഞിനെ കുഴിച്ചുമൂടി. പിന്നീട് തെരുവുനായ്ക്കൾ കുഴി മാന്തി മൃതശരീരം അടുത്തുള്ള പറമ്പിൽ കൊണ്ടിടുകയായിരുന്നു. 2018 ഏപ്രിൽ 20നാണ് സമീപത്തെ കുടുംബശ്രീ പ്രവർത്തകർ മൃതദേഹം കണ്ടത്. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായിരുന്നു. ഗർഭിണിയായിരുന്നെന്ന കാര്യം അമ്പിളി മനഃപൂർവം മറച്ചുവെന്നും കൃത്യം നടന്ന സമയത്ത് അമ്പിളി പ്രസവിച്ചെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും കുഞ്ഞിന്റെ അമ്മ അമ്പിളി തന്നെയാണെന്ന് ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്യൂഷന് സഹായിയായി പ്രവർത്തിച്ചത് വനിത സി.പി.ഒ ദീപ്തി ആയിരുന്നു. പുത്തൂർ എസ്.ഐ ആയിരുന്ന ഡി. ദീപു രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ തുടർന്ന് അന്വേഷണചുമതല സ്റ്റേഷൻ ഇൻസ്പെക്ടർമാരായ ഒ.എ. സുനിൽകുമാർ, ആർ. രതീഷ് കുമാർ, ടി. വിജയകുമാർ എന്നിവർക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.