മൂഫിയയുടെ ഭർത്താവിനേയും മാതാപിതാക്കളെയും റിമാൻറ് ചെയ്തു
text_fieldsആലുവ: ഭര്‍തൃപീഡനം മൂലം ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനിയുടെ ഭർത്താവിനേയും മാതാപിതാക്കളെയും ആലുവ കോടതി റിമാൻഡ് ചെയ്തു. ആലുവ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ ഗ്യാസ് ഗോഡൗണിന് സമീപം കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിന്‍റെ മകൾ മൂഫിയ പർവീനാണ് (21) കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
ഇവരുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് വ്യാഴാഴ്ച്ച രാവിലെ റിമാൻഡ് ചെയ്തത്. റുഖിയയെ കാക്കനാട് വനിത ജയിലിലേക്കാണ് അയച്ചത്. സുഹൈൽ, യൂസഫ് എന്നിവരെ മൂവാറ്റുപുഴ ജയിലിലേക്കും അയച്ചു.
ആലുവ ഡിവൈ.എസ്.പി പി.കെ.ശിവൻകുട്ടിയാണ് കേസ് അന്വേഷിക്കുന്നത്. കോതമംഗലത്തെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച്ച പുലർച്ചെയാണ് കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് ആലുവ ഡിവൈ.എസ്.പി ഓഫിസിൽ എത്തിച്ചു. ഇവിടെ ഉന്നത ഉദ്യോഗസ്‌ഥരടക്കം ചോദ്യം ചെയ്‌തു.
പിന്നീട് നടപടികൾ പൂർത്തിയാക്കി അറസ്‌റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഭർതൃ വീട്ടിലെ പീഡനവും ആലുവ സി.ഐയുടെ മോശം പെരുമാറ്റവും എഴുതിവെച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്.
ഭർതൃപീഡന പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിന് ശേഷം വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം മുറിയിൽ ഉറങ്ങാൻ കയറിയ യുവതി 3.30 ആയിട്ടും ഉറക്കമുണരാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കോതമംഗലം സ്വദേശി സുഹൈൽ എന്ന യുവാവുമായി ഏപ്രിൽ മൂന്നിനായിരുന്നു നിക്കാഹ്. നിക്കാഹിന്‍റെ ഭാഗമായുള്ള ആഘോഷം കോവിഡ് ഇളവിനെ തുടർന്ന് ഡിസംബറിൽ നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിൽ സ്ത്രീധനത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവതി മൂന്ന് മാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു. ഇതിന്‍റെ തുടർച്ചയായി ആലുവ പൊലീസ് സ്റ്റേഷനിൽ ഭർതൃപീഡനം ആരോപിച്ച് പരാതിയും നൽകി.
സി.ഐ സി.എൽ. സുധീറിന്‍റെ സാന്നിധ്യത്തിൽ ഇരുവരെയും തിങ്കളാഴ്ച്ച രാവിലെ സ്റ്റേഷനിലേക്ക് ചർച്ചക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വച്ച് സി.ഐ മോശമായി പെരുമാറിയതായി ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. ഒക്ടോബർ 28ന് കോതമംഗലത്തെ മഹല്ലിൽ വിവാഹ മോചനത്തിന് സുഹൈൽ കത്ത് നൽകിയിരുന്നു. ഇതിന് യുവതിയും വീട്ടുകാരും വിസമ്മതിച്ചതും പീഡനത്തിന് കാരണമായെന്ന് പറയുന്നു.
തൊടുപുഴ അൽ അസഹർ ലോ കോളജിൽ മൂന്നാം വർഷ നിയമവിദ്യാർഥിനിയാണ് യുവതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദധാരിയാണ് സുഹൈൽ. നിക്കാഹ് സമയത്ത് സുഹൈലോ വീട്ടുകാരോ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.