സെയിൽസ് ടാർഗറ്റ് പൂർത്തിയായില്ല; യുവാവിനെ മാനേജർ ക്ലോക്കുകൊണ്ടടിച്ചു
text_fieldsമുംബൈ: സെയിൽസ് ടാർഗറ്റ് പൂർത്തീകരിക്കാത്തതിന് യുവാവിനെ മാനേജർ ക്ലോക്കുകൊണ്ടടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ബൊറിവിലി സ്വദേശിയായ ആനന്ദ ഹവൽദാർ സിങ്ങാണ് മാനേജർ അമിത് സുരേന്ദർ സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ഒരു വർഷമായി ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ആനന്ദ്. സെപ്റ്റംബറോടെ അഞ്ച് ലക്ഷം രൂപയുടെ ബിസിനസ് നടത്തണമെന്ന് ആനന്ദിന് കമ്പനി നിർദേശം നൽകിയിരുന്നു. എന്നാൽ ആനന്ദിന് ടാർഗറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് കമ്പനിയുടെ അസോസിയേറ്റ് ഏരിയ മാനേജറായ അമിതിനെ ആനന്ദ് വിവരം ബോധിപ്പിക്കുകയും രാജി സന്നദ്ധത അറിയിക്കുകയുമായിരുന്നു.
എന്നാൽ അമിത് സിങ് രാജി സ്വീകരിച്ചില്ല. പിന്നീട് മറ്റ് ജീവനക്കാരുടെ മുന്നിൽ വെച്ച് ആനന്ദിനോട് കയർത്ത് സംസാരിച്ച മാനേജർ മേശയിൽ വെച്ചിരുന്ന ക്ലോക്ക് കൊണ്ട് അടിക്കുകയുമായിരുന്നെന്ന് ആനന്ദിന്‍റെ പരാതിയിൽ പറയുന്നു.
തലക്ക് സാരമായി പരിക്കേറ്റ ആനന്ദിനെ സഹപ്രവർത്തകർ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അമിതിനെതിരെ കേസ് എടുത്തതായും അന്വേഷണം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.