മയക്കു മരുന്ന് വാങ്ങാൻ മക്കളെ 74,000 രൂപക്ക് വിറ്റ് മുംബൈ ദമ്പതികൾ
text_fieldsമുംബൈ: ലഹരി വാങ്ങാനുള്ള പണത്തിനായി രണ്ട് മക്കളെ 74000 രൂപക്ക് വിറ്റ് മുംബൈയിൽ താമസിക്കുന്ന ദമ്പതികൾ അറസ്റ്റിൽ. ഇതിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ അന്ധേരിയിൽ നിന്ന് രക്ഷപ്പെടുത്തി. മകനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
കുട്ടികളുടെ മാതാപിതാക്കളായ ഷബീർ, സാനിയ ഖാൻ, ഇടനിലക്കാരായ ഉഷ റാത്തോഡ്, ഷക്കീൽ മക്രാനി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് അടിമകളായിരുന്നു ദമ്പതികളെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ വിൽപന നടത്തിയ കാര്യം ഇരുവരുടെയും കുടുംബം അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ദമ്പതികൾക്കും മറ്റ് രണ്ടുപേർക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. ആൺകുട്ടിയെ 60,000 രൂപക്കും ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ 14,000 രൂപക്കുമാണ് ദമ്പതികൾ വിൽപന നടത്തിയത്.
ഒരുദിവസം പോലും മയക്കു മരുന്നില്ലാതെ ജീവിക്കാൻ കഴിയുമായിരുന്നില്ല സാനിയക്കും ഷബീറിനും. ഈ അവസരത്തിലാണ് ഇടനിലക്കാരിയായ റാത്തോഡുമായി ഇവർ പരിചയത്തിലാകുന്നത്. മകനെ 60,000രൂപക്ക് വിൽപന നടത്താനായി ഇവരുമായി ധാരണയിലെത്തി. അടുത്തിടെയാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ആ കുഞ്ഞിനെയും വിൽപ്പന നടത്താൻ അവർ തയാറായി. -ക്രൈംബ്രാഞ്ച് അറിയിച്ചു.
ഷബീർ ഖാന്റെ സഹോദരിയാണ് മക്കളെ വിറ്റ കാര്യം ആദ്യമറിഞ്ഞത്. രോഷാകുലയായ അവർ ഉടൻ ഡി.എൻ. നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.