'പൊലീസ് എത്തുന്നതു വരെ മകൾ വീട്ടിൽ മരിച്ചുകിടക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ല’
text_fieldsമുംബൈ: അന്ധേരിയിൽ 18കാരിയെ വീട്ടിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സൈബ് ഖവാജ ഹുസൈൻ സോൾക്കർ (22) എന്ന യുവാവ് വീട്ടിൽ കടന്നുകയറി ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പൊലീസ് സോൾക്കറിനെ അറസ്റ്റ് ചെയ്തു. സോൽക്കറും പെൺകുട്ടിയും സൗഹൃദത്തിലായിരുന്നു. സൗഹൃദം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് സോൾക്കറിനെ ചൊടിപ്പിച്ചത്. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
‘പൊലീസ് എത്തുന്നതു വരെ മകൾ വീട്ടിൽ മരിച്ചുകിടക്കുകയാണെന്ന് ഞങ്ങൾ അറിഞ്ഞില്ല. എന്‍റെ മകളെ അവൻ കൊന്നു'. പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. എന്‍റെ മകളോട് അയാൾ മോശമായി പെരുമാറി. സംഭവത്തിന് ഏകദേശം 10 ദിവസം മുമ്പ് സോൾക്കർ പെൺകുട്ടിയെ പിന്തുടരുകയും സംസാരിക്കുകയും ചെയ്തതായി പിതാവ് മൊഴി നൽകി. 12ാം ക്ലാസ് പരീക്ഷ പാസായ അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ഐ.പി.എസ് ഓഫീസറാകണമെന്നായിരുന്നു ആഗ്രഹമെന്നും പിതാവ് പറഞ്ഞു.
സോൾക്കറുമായുള്ള സൗഹൃദത്തിൽ പെൺകുട്ടിയുടെ പിതാവ് വിയോജിപ്പ് പ്രകടിപ്പിച്ചതാവാം ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ സോൾക്കർ പെൺകുട്ടിയുടെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇയാൾ ശ്മശാനത്തിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സോൽക്കറിന്‍റെ പിതാവാണ് വിവരം പൊലീസിൽ അറിയിച്ചത്.
'പ്രതിക്ക് കഠിനമായ ശിക്ഷ നൽകണം. ഇന്ന് അത് എന്‍റെ മകൾക്ക് സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാം. അവനെ വെറുതെ വിടരുത്'. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ സഹാർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.