ഭർത്താവ് വിഡിയോ പകർത്തി പ്രചരിപ്പിച്ചുവെന്ന് പരാതിപ്പെട്ട യുവതിക്കെതിരെ മോഷണക്കേസുമായി ഭർതൃമാതാവ്; 18 ലക്ഷത്തിന്റെ സ്വർണം കവർന്നെന്ന് പരാതി
text_fieldsമുംബൈ: അശ്ലീല വിഡിയോകൾക്ക് അടിമയായ ഭർത്താവ് താൻ ഉറങ്ങുമ്പോൾ വിഡിയോ പകർത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതിപ്പെട്ട യുവതിക്കെതിരെ മോഷണ പരാതിയുമായി ഭർതൃമാതാവ്. 18 ലക്ഷം രൂപയുടെ സ്വർണവും വജ്രവും കവർന്നുവെന്നാണ് പരാതി.
നഗരത്തിലെ പ്രമുഖ ഹോട്ടലുടമയുടെ മകനായ ഭർത്താവിനെതിരെ ലൈംഗികാതിക്രമവും പീഡനവും ആരോപിച്ച് ഒരു വർഷം മുമ്പാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവത്തിൽ ഗാർഹിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ജൂലൈ 17ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭരണങ്ങൾ മോഷ്ടിച്ചതിന് 31 കാരിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭർതൃമാതാവിന്റെ പരാതിയിൽ ഖാർ പോലീസ് കേസെടുത്തത്.
ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിൽ നൽകിയ ഹരജിയെ തുടർന്നാണ് ഫിസിയോതെറാപ്പിസ്റ്റായ യുവതിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
7 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് 2021 ജൂലൈയിൽ യുവതി ഖാർ പൊലീസിൽ പരാതി നൽകി. തന്റെ ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നും താൻ ഉറങ്ങുമ്പോൾ ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുന്നുവെന്നും പരാതിയിൽ പറഞ്ഞു. തന്റെ സഹോദരിയുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടതായും ഇവർ പറഞ്ഞു. എന്നാൽ, മകനെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഭർതൃമാതാവ് പറയുന്നു.
'അവൾക്കും അവളുടെ അമ്മായിക്കും പണം നൽകാത്തതിനാലാണ് മകനെതിരെ പരാതി നൽകിയത്. 2021 ജൂൺ 21ന്, ഞങ്ങളുടെ കുടുംബം ലവാസയിലേക്ക് പോയിരുന്നു. എന്നാൽ, മരുമകൾ അവളുടെ സഹോദരിയുടെ വിവാഹമുണ്ടെന്ന കാരണത്താൽ കൂടെ വന്നിരുന്നില്ല. അടുത്ത ദിവസം അവളുടെ അമ്മായിയുടെ ഒത്താശയോടെ മാതാപിതാക്കളെയും സഹോദരിയെയും കൂട്ടി ഞങ്ങളുടെ താമസസ്ഥലത്ത് നിന്ന് 18.16 ലക്ഷം രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും കവർന്നു" -ഭർതൃമാതാവ് പറഞ്ഞു.
സംഭവത്തിൽ തങ്ങൾ പരാതിപ്പെടുന്നതിന് മുമ്പാണ് മകനെതിരെ പൊലീസ് നടപടിയെടുത്തതെന്ന് ഇവർ പറഞ്ഞു. 'പ്രാദേശിക പൊലീസുമായും രാഷ്ട്രീയക്കാരുമായും ഉന്നത അധികാരികളുമായും ബന്ധമുള്ള അവർ തന്റെ മകനെ കർശന വകുപ്പുകൾ ചുമത്തി കേസിൽകുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, തന്റെ പരാതിയിൽ പൊലീസ് ഒരു നടപടിയും എടുത്തില്ല. ഒടുവിൽ നീതിക്കായി കോടതിയെ സമീപിക്കേണ്ടി വന്നു' -ഇവർ കൂട്ടിച്ചേർത്തു.
2022 സെപ്റ്റംബർ 12നാണ് ബാന്ദ്ര കോടതി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് മരുമകൾക്കെതിരെ മോഷണത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. തുടർന്ന് ഖാർ പോലീസ് മരുമകൾ, മാതാപിതാക്കൾ, സഹോദരി, അമ്മായി എന്നിവർക്കെതിരെ മോഷണം, വഞ്ചന, ഭവന അതിക്രമം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.