സര്‍ക്കാര്‍ വായ്പയുടെ പേരിൽ തട്ടിപ്പുനടത്തുന്ന സംഘം മുണ്ടക്കയത്ത്
text_fieldsമുണ്ടക്കയം: സര്‍ക്കാര്‍ വായ്പ നല്‍കാമെന്ന് പറഞ്ഞു മുണ്ടക്കയത്ത് വനിതയുടെ നേതൃത്വത്തില്‍ തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതായി പരാതി. മുണ്ടക്കയം, പുലിക്കുന്ന് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് പൊടിപൊടിക്കുന്നത്. മുണ്ടക്കയം പൊലീസില്‍ തട്ടിപ്പുനടത്തിയ സ്ത്രീക്കെതിരെ നിരവധി പരാതികള്‍ എത്തിക്കഴിഞ്ഞു. പണം നഷ്ടപ്പെട്ടവരിൽ പലരും മാനഹാനി ഭയന്ന് വിവരം പുറത്തറിയിക്കാതിരിക്കുന്നത് തട്ടിപ്പുകാര്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കുകയാണ്.
പട്ടികവർഗ വകുപ്പിൽനിന്ന് കോടിക്കണക്കിനു രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പുകാരി ആളുകളെ സമീപിക്കുന്നത്. വായ്പ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുമെന്നും പറയും. ചെലവിനായി പണം ആവശ്യമുണ്ടെന്നു പറഞ്ഞ് 1000 മുതല്‍ ലക്ഷം രൂപവരെ ഇവര്‍ പലതവണകളായി വാങ്ങിയെടുക്കും. പിന്നീട് വായ്പ ആവശ്യപ്പെടുന്നവരോട് പലകാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറും. ചിലര്‍ക്ക് വായ്പ സംബന്ധിച്ച് വ്യാജകരാർ തയാറാക്കി പകര്‍പ്പ് നല്‍കാറുമുണ്ട്.
കരാറിൽ ട്രൈബല്‍ ഓഫിസര്‍ എന്ന പേരില്‍ സാക്ഷിയായി ഒപ്പുവെച്ചാണ് നല്‍കുന്നത്. എന്നാല്‍, ഇത്തരം ഒരു ട്രൈബല്‍ ഓഫിസര്‍ കാഞ്ഞിരപ്പള്ളി ഓഫിസില്‍ ജോലി ചെയ്തിട്ടുപോലുമില്ലെന്ന് അറിയുന്നു. പുലികുന്നിലെ വീട്ടമ്മയില്‍നിന്ന് 15 ലക്ഷത്തോളം രൂപ നല്‍കാമെന്നു പറഞ്ഞ് നാലു ലക്ഷം രൂപ കൈക്കലാക്കിയതായി മുണ്ടക്കയം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റൊരു വീട്ടമ്മയില്‍നിന്ന് 9000 രൂപയും ഒരു പവന്‍ സ്വര്‍ണവും വാങ്ങിയെടുത്തു. മുണ്ടക്കയത്തെ ഒരു സ്വാശ്രയ സംഘത്തിലെ നിരവധി പേരോട് വന്‍തുക വാങ്ങിയതായി പറയുന്നു.
പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായിക്കാമെന്നു പറഞ്ഞ് ടൗണിലെ തൊഴിലാളിയിൽനിന്ന് കൈക്കലാക്കിയത് 9000ത്തോളം രൂപയാണ്. ടൗണിലെ പ്രമുഖ ചെരിപ്പുകടയിലെത്തിയ ഇവര്‍ ജീവനക്കാരായ മൂന്നു പേരില്‍നിന്ന് വന്‍തുകയാണ് അഡ്വാന്‍സായി വാങ്ങിയത്. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനോട് പലതവണയായി 45000ലധികം രൂപ വാങ്ങിയെടുത്തു. പരാതി ലഭിച്ച പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ ആദ്യം ഇവര്‍ തയാറായില്ല. പൊലീസ് കർശന നിലപാടെടുത്തതോടെ പണം തിരികെ നല്‍കാമെന്ന് പറഞ്ഞെങ്കിലും വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. ഇടത്വ, പത്തനാപുരം, പത്തനംതിട്ട, അടൂര്‍, മുണ്ടക്കയം, കോരുത്തോട് എന്നിവിടങ്ങളില്‍ നിരവധിപേര്‍ ഇവരുടെ വലയിൽ വീണ് വഞ്ചിതരായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.