സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസ്: കൊലക്ക് ഉപയോഗിച്ച കത്തിയും കുഴിച്ചുമൂടാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു
text_fieldsഒറ്റപ്പാലം: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കൊലക്ക് ഉപയോഗിച്ച കത്തിയും കുഴിയെടുക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പ്രതിയെ കൂട്ടി നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു.
ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിെൻറ (24) കൊലപാതകവുമായി ബന്ധപ്പെട്ട് പാലപ്പുറം അഴിക്കല പറമ്പ് പാറക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസുമായി (25) വ്യാഴാഴ്ച നടത്തിയ മൂന്നാം ദിവസത്തെ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
ആഷിഖിെൻറ മൃതദേഹം മറവ് ചെയ്യുന്നതിന് കുഴിയെടുക്കാൻ ഉപയോഗിച്ച കൈക്കോട്ടും പിക്കാസും പ്രതിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ ഷെഡിൽനിന്നാണ് കണ്ടെടുത്തത്. തുടർന്ന് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള അന്വേഷണം തുടർന്നു. കുഴിച്ചുമൂടിയ സ്ഥലത്തുനിന്ന് ഏറെ അകലെയല്ലാത്ത മുളഞ്ഞൂർ തോട്ടിൽ രണ്ട് മോട്ടോറുകളുടെ സഹായത്തോടെ വെള്ളം വറ്റിക്കാനുള്ള ശ്രമമായി പിന്നീട്.
വൈകീട്ടോടെയാണ് തോടിെൻറ അടിത്തട്ടിൽ കിടന്നിരുന്ന കത്തി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കണ്ടെടുത്തത്. സംഭവ സമയം പ്രതി ധരിച്ചിരുന്ന വസ്ത്രം കത്തിച്ചുകളഞ്ഞതായാണ് മൊഴി നൽകിയിരുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ സ്ഥലത്തെ മണ്ണ് സയന്റിഫിക് അസിസ്റ്റന്റിെൻറ സഹായത്തോടെ ശേഖരിച്ചു. തെളിവെടുപ്പിെൻറ ഭാഗമായി ചൊവ്വാഴ്ചയാണ് അഞ്ച് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്.
2015ൽ പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫിറോസ് അറസ്റ്റിലായത്. ഇതേ മോഷണ കേസിലെ കൂട്ടുപ്രതിയായ ആഷിഖിനെക്കുറിച്ച് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് രണ്ടു മാസം മുമ്പ് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയതായി കുറ്റം ഏറ്റുപറഞ്ഞത്. തുടർന്ന് ഒറ്റപ്പാലം പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പാലപ്പുറം അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ ആഷിഖിെൻറ മൃതദേഹം കണ്ടെടുത്തത്.
നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെടെ പ്രതികളായ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒറ്റപ്പാലം സി.ഐ വി. ബാബുരാജിെൻറ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.