യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ െപാലീസ് പിടികൂടി. നേമം കോളിയൂർ സ്വദേശി നന്ദു എന്ന അജിത്തി (22)നെയാണ് ചെന്നൈ ഷേണോയ് നഗറിൽ നിന്ന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പത്തിന് രാത്രിയിലാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. 2020 ഡിസംബറിൽ തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ മോഷണശ്രമത്തിനിടെ നാട്ടുകാരുടെ മർദനമേറ്റ് മലയിൻകീഴ് വിളവൂർക്കൽ സ്വദേശി ദീപു കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്നവർ തമിഴ്നാട്ടിൽ ജയിലിലാവുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ദീപുവും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം അന്ന് ഓടിച്ചിരുന്നത് മുഹമ്മദലിയായിരുന്നു.
ദീപുവിന്റെ കൊലപാതകത്തിൽ മുഹമ്മദലിക്ക് പങ്കുണ്ടെന്ന വിരോധത്തിലാണ് ദീപുവിന്റെ ഉറ്റ സുഹൃത്തായ പ്രതി അജിത്തും മറ്റു മൂന്നുപേരും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി അജിത് ഇയാളുടെ ഭാര്യയുടെ ചെന്നൈയിലുള്ള ബന്ധുവീട്ടിൽ താമസിച്ചുവരുകയായിരുന്നു.
ഫോർട്ട് എ.സി.പിയുടെ നിർദേശാനുസരണം ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, സി.പി.ഒ മാരായ സാബു, അനുരാജ്, ശ്രീകുമാർ എന്നിവരടങ്ങിയ െപാലീസ് സംഘം ചെന്നൈയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഷേണോയ് നഗറിലെ വാടക ഫ്ലാറ്റിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായ അജിത്തിന് ഈ കേസിനുപുറമെ തിരുവല്ലത്ത് െപാലീസിനെ ആക്രമിച്ച് ജീപ്പ് അടിച്ചുതകർത്ത കേസിലും തിരുവല്ലത്തും നേമത്തും വധശ്രമക്കേസുകളിലും വർക്കല എക്സൈസിന്റെ മയക്കുമരുന്നുകേസിലും പ്രതിയാണ്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളും ഉടന് പിടിയിലാകുമെന്ന് െപാലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.