വധശ്രമം: ഏഴ് പ്രതികൾക്ക് 10 വർഷം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും
text_fieldsഒറ്റപ്പാലം: ശിവസേന മുൻ ജില്ല നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് 10 വർഷം കഠിന തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 10 വർഷത്തെ കഠിനതടവ് കൂടി വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കോതകുറുശ്ശി കിഴക്കേതിൽ പ്രസാദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ.
പനമണ്ണ ആലിക്കൽ ഖാലിദ് (43), കീഴൂർ റോഡ് നിവാസികളായ മുഹമ്മദ് മുനീർ (30), കണക്കഞ്ചേരി വീട്ടിൽ അൻസാർ അഹമ്മദ് (36), പനമണ്ണ അമ്പലവട്ടം പള്ളിപ്പടി തറയിൽ തറയിൽ അബ്ദുൽ മനാഫ് (36), തൃക്കടീരി അത്തിക്കോടൻ വീട്ടിൽ യൂനുസ് (35), ചുനങ്ങാട് പിലാത്തറ പുത്തൻ പീടികയിൽ റഫീഖ് (41), അമ്പലവട്ടം പുത്തൻപുരക്കൽ ഫിറോസ് (38) എന്നിവർക്കെതിരെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ല മജിസ്ട്രേറ്റ് പി. സൈതലവി ശിക്ഷ വിധിച്ചത്.
പ്രതികളിൽ അൻസാർ അഹമ്മദ്, അബ്ദുൽ മനാഫ് എന്നിവരെ ഇതേ കോടതി ഒരാഴ്ച മുമ്പ് വിനോദ് വധക്കേസിൽ ശിക്ഷിച്ചിരുന്നു. വധശ്രമത്തിന് 10ഉം മാരകമായി പരിക്കേൽപിച്ചതിന് അഞ്ചും പരിക്കേൽപിച്ചതിന് രണ്ടും മാരകായുധങ്ങൾ കൈവശം വെച്ച് സംഘം ചേരുന്നതിന് മൂന്നും ഉൾപ്പെടെ 20 വർഷത്തെ കഠിന തടവിനാണ് കോടതി വിധിച്ചത്.
എസ്.ഡി.പി.ഐ-ശിവസേന തർക്കത്തെ തുടർന്ന് 2013 ഡിസംബർ 17ന് രാത്രി എട്ടരയോടെ കോതകുറുശ്ശി സെൻററിൽ ആയിരുന്നു സംഭവം. വ്യാപാര സ്ഥാപനത്തിലെത്തിയ പ്രസാദിനെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ 10 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും ഏഴുപേരാണ് വിചാരണക്ക് ഹാജരായത്. മൂന്നുപേർ ഒളിവിലാണ്. സി.ഐമാരായിരുന്ന കെ.എം. ദേവസ്യ, വി.എസ്. ദിനരാജ്, കെ.ജി. സുരേഷ്, എം.വി. മണികണ്ഠൻ എന്നിവർ അന്വേഷിച്ച കേസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.